യോഗാ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ യോഗാചാര്യൻ ലുക്കുമായി സൗബിൻ ഷാഹിർ. ഹ്യൂമറിന് പ്രാധാന്യം നൽകി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുൽഖർ സൽമാൻ പുറത്തുവിട്ടിരിക്കുന്നത്. മോഷൻ പോസ്റ്ററും ഇതിനൊപ്പമുണ്ട്. സമീർ താഹിർ സംവിധാനം ചെയ്ത കലി എന്ന ദുൽഖർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് തിരക്കഥ. ഗിരീഷ് ഗംഗാധരൻ ജല്ലിക്കട്ടിന് ശേഷം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രവുമാണ് ജിന്ന്. ശാന്തി ബാലചന്ദ്രനാണ് നായിക. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സ്‌ട്രെയിറ്റ് ലൈൻ സിനിമാസാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ സിനിമകളാണ് സിദ്ധാർത്ഥിന്റേതായി മുമ്പ് പ്രേക്ഷകരിലെത്തിയത്.