കോവളം: സിങ്കപ്പൂരിൽ നിന്ന് സൗദിയിലേക്ക് പോകുന്ന എം.ടി അസലാഫ്, ജപ്പാനിൽ നിന്ന് ഖത്തറിലേക്ക് പോകുന്ന പിക്‌സിസ് ആൽഫ എന്നീ ഇന്ധന ടാങ്കറുകൾ ഇന്നലെ ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്തെത്തി. ഓരോ കപ്പലിൽ നിന്ന് രണ്ടുപേർ വീതം കരയിലേക്ക് ഇറങ്ങിയപ്പോൾ പകരം രണ്ടുപേർ വീതം കപ്പലിലേക്ക് കയറി. രാവിലെ 6ഓടെ എത്തിയ കപ്പലുകൾ 12.30ന് മുമ്പ് നടപടികൾ പൂർത്തിയാക്കി തീരം വിട്ടു. 7ന് കൂടുതൽ കപ്പലുകളെത്തുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു. ആരോഗ്യവകുപ്പ്, ഇമിഗ്രേഷൻ, കസ്റ്റംസ്, തുറമുഖ അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് ക്രൂ ചെയ്ഞ്ച് നടന്നത്. വിഴിഞ്ഞത്ത് ഇതുവരെ ക്രൂ ചെയ്ഞ്ചിംഗിന് എട്ട് കപ്പലുകളാണ് എത്തിയതെന്ന് അധികൃതർ പറഞ്ഞു.