balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാർ അപകടത്തിലെ ദുരൂഹതകൾ നീക്കാൻ സി.ബി.ഐ അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ബാലുവിന്റെ ഭാര്യ ലക്ഷ്‌മി, അവരുടെ സഹോദരൻ പ്രസാദ്, അമ്മ ഓമനകുമാരി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വൈകിട്ട് അഞ്ചരയ്ക്ക് തുടങ്ങിയ മൊഴിയെടുപ്പ് മൂന്നുമണിക്കൂർ നീണ്ടു. ബാലുവിന്റെ പിതാവ് സി.കെ.ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജുനായിരുന്നെന്ന് ലക്ഷ്‌മി ആവർത്തിച്ചു. സ്വർണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമില്ല. വിഷ്ണു സോമസുന്ദരവും പ്രകാശൻതമ്പിയും ബാലഭാസ്‌കറിന്റെ മാനേജർമാരല്ല. ബാലുവിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശൻ. മാനേജരോ സ്ഥിരം ജീവനക്കാരനോ അല്ല. ബാലഭാസ്‌കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്. ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. ഇതിനിടെ വിദേശത്തു പോയപ്പോൾ സംഗീതപരിപാടികൾ ഏകോപിപ്പിക്കുന്ന ജോലിയും തമ്പി ഏ​റ്റെടുത്തു. മറ്ര് പലരും ഈ ജോലി ചെയ്തിട്ടുണ്ട്. സ്കൂൾ കാലം മുതൽ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്‌ണു. വൻഹോട്ടലുകളിൽ അടുക്കള നിർമ്മാണത്തിന് സാധനങ്ങൾ നൽകുന്ന ബിസിനസിൽ ബാലുവും പങ്കാളിയായിരുന്നു.

പാലക്കാട് ആയുർവേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ഒരു തവണ പണം കടം നൽകിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലു പണം കൈകാര്യം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല.

ക്ഷേത്രദർശനത്തിനു ശേഷം തൃശൂരിൽ നിന്ന് രാത്രിയിൽ തന്നെ മടങ്ങാൻ തീരുമാനിച്ചത് ബാലുവാണ്. ഒരു സിനിമയുടെ സംഗീത ജോലികൾ തീർക്കാനുണ്ടായിരുന്നതിനാലാണിത്. തൃശൂരിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ബാലുവിന് ഒരു ഫോൺ വന്നതൊഴിച്ചാൽ പിന്നെ വിളികളുണ്ടായിട്ടില്ല. അപകടമുണ്ടായപ്പോൾ മകളെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു താൻ. ബാലു പിൻസീറ്റിലും താൻ മുൻസീറ്റിലുമായിരുന്നു. അർജുനായിരുന്നു ഡ്രൈവർ. കാറിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ വിവാഹത്തിൽ അണിയാൻ ലോക്കറിൽ നിന്നെടുത്തതാണ്.

കൊല്ലത്ത് എത്തി കാർ നിറുത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനു ശേഷവും അർജുൻ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാർ വെട്ടിക്കുന്നതായി തോന്നി. നെ​റ്റി ഇടിച്ചു. പിന്നീട് ഒന്നും ഓർമ്മയില്ല. .- ലക്ഷ്‌മി മൊഴിനൽകി.