thomas-issac

തിരുവനന്തപുരം:ട്രഷറികളിലെ പണാപഹരണവുമായി ബന്ധപ്പെട്ട് 1995 മുതൽ ഇതുവരെ എട്ടുപേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ഇവരിൽ മൂന്നുപേർക്കെതിരെയുള്ള നടപടി സ്വീകരിച്ചത് ഇപ്പോഴത്തെ സർക്കാരാണെന്നും ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.
ടി. എസ്.പി അക്കൗണ്ടിലെ പണം തിരിമറി നടത്തിയതിന് മൂന്നുപേരും പെൻഷൻ പണത്തിലെ തിരിമറിക്ക് മൂന്നുപേരും പുറത്തായി. കോഴിക്കോട് അഡിഷണൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2004ലും കൊടുങ്ങല്ലൂർ സബ് ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റ് പണാപഹരണം നടത്തിയത് 2014 ലുമാണ്.

കാട്ടക്കട ട്രഷറിയിലെ കുറ്റക്കാരനെ തരം താഴ്ത്തി. തൃശൂർ സ്റ്റാമ്പ് ഡിപ്പോയിലെയും കണ്ണൂർ ട്രഷറിയിലെയും ക്രമക്കേടിന് അച്ചടക്ക നടപടി സ്വീകരിച്ചു. പൊന്നാനി ചങ്ങരംകുളം ട്രഷറിയിലെ ക്രമക്കേടിന് സർവീസിൽ നിന്നു പുറത്താക്കുന്നതടക്കമുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മറ്റു മൂന്നു കേസുകളിൽ അന്വേഷണം പരോഗമിക്കുന്നു.
വഞ്ചിയൂരിൽ നടന്നത് വിദഗ്ദ്ധരെപ്പോലും ഞെട്ടിപ്പിക്കുന്ന സൈബർ ക്രൈമാണ്. പിരിച്ചുവിടൽ തന്നെയാണ് ഇയാൾക്കുള്ള ശിക്ഷ. അഞ്ച് ദിവസത്തിനുള്ളിൽ വിദഗ്ദ്ധാന്വേഷണത്തിന്റെ റിപ്പോർട്ട് കിട്ടും.സോഫ്റ്റ് വെയർ പരിഷ്കരിക്കും.