kulam

വെള്ളറട: വെള്ളറട പഞ്ചായത്തിൽ ടൂറിസം സാധ്യത കണക്കിലെടുത്ത് ആരംഭിച്ച രണ്ടു പദ്ധതികളും എങ്ങുമെത്താത്ത സ്ഥിതിയിൽ. രണ്ടേക്കറോളം വിസ്തീർണമുള്ള ചിറത്തലയ്ക്കൽ കുളം നവീകരണമാണ് പാതിവഴിയിലായ ഒരു പദ്ധതി. ടൂറിസം ലക്ഷ്യമിട്ട് 27 ലക്ഷം രൂപ ചെലവിട്ട് ആരംഭിച്ച പദ്ധതിയാണ് നിലച്ചത്. കുളം പൂർണമായും സൈഡ് വാൾകെട്ടി സംരക്ഷിച്ച് ചെളി നീക്കി വെള്ളം നിറച്ച് ഫെഡൽ ബോട്ട് സവാരി ഏർപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിക്കാനായിരുന്നു ആലോചന. എന്നാൽ 27 ലക്ഷം രൂപയ്ത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലായി. മുടക്കിയ 27 ലക്ഷവും പാഴാവുകയും ചെയ്തു. നാട്ടുകാർക്ക് ഏറെ പ്രതീക്ഷയും പഞ്ചായത്തിന് വരുമാനവും ലഭിക്കുന്ന പദ്ധതിക്കായി ഇനിയും ലക്ഷങ്ങൾ മുടക്കേണ്ട സ്ഥിതിയാണ്. പ്ലാങ്കുടിക്കാവിലെ ഇക്കോ ടൂറിസം പദ്ധതിയും പഞ്ചായത്ത് ബഡ്ജറ്റിൽ പത്തുലക്ഷം രൂപ വകയിരുത്തി നിർമ്മാണം തുടങ്ങിയെങ്കിലും ഇപ്പോൾ എങ്ങും എത്താത്ത സ്ഥിതിയാണ്. ഇവിടെ ടൂറിസ്റ്റുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങിയതോടെ പദ്ധതിക്കെതിരെ ചിലർ കോടതിയെ സമീപിച്ചതിനാൽ നിർമ്മാണം നിലച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്നും കരാറുകാരന് നൽകിയ പണം തിരികെ പിടിക്കാൻ പഞ്ചായത്ത് ഓഡിറ്റിംഗ് വിഭാഗവും റിപ്പോർട്ട് ചെയ്തു. ഇതോടെ പ്ളാങ്കുടിക്കാവ് പദ്ധതിയും നിലച്ചു. പ്രകൃതി ഭംഗിയേറിയ പ്ലാങ്കുടിക്കാവ് ഇക്കോ ടൂറിസം ഇനി നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയാത്ത അവസ്ഥയിലാണ്. സർക്കാർ വസ്തുവിലാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ഈ സ്ഥലം സർക്കാർ മറ്റൊരാൾക്ക് ലീസിന് നൽകിയതാണെന്നാണ് ആരോപണം. സർക്കാർ വിചാരിച്ചാൽ മാത്രമേ പ്ലാങ്കുടിക്കാവ് പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയൂ. പദ്ധതികൾ രണ്ടും പൂർത്തീകരിച്ചാൽ പഞ്ചായത്തിന് വരുമാനവും നിരവധിപേർക്ക് തൊഴിലും ലഭിക്കും. ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായമുണ്ടെങ്കിൽ ചിറത്തലയ്ക്കലിൽ ഫെഡൽ ബോട്ട് സർവീസ് ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.