poovar

പൂവാർ: പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരപ്രദേശം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നു. മാലിന്യം കുന്നുകൂടുന്നതാണ് തെരുവ് നായ്ക്കൾ കൂടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോൾ തീരപ്രദേശത്ത് എവിടെയും മാലിന്യക്കൂമ്പാരമാണ്. പ്ലാസ്റ്റിക്ക് മാലിന്യവും അറവ് മാലിന്യവും കൊണ്ട് നെയ്യാറും കരിച്ചൽ കായലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട സ്ഥിതിയാണ്. ദൂരസ്ഥലങ്ങളിൽ നിന്നും കൊണ്ടുതള്ളുന്ന അറവ് മാലിന്യവും ഇക്കൂട്ടത്തിലുണ്ട്. മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമല്ലാതിരുന്നതാണ് ഇത്രയളവിൽ മാലിന്യം കുന്നുകൂടാൻ കാരാണമായതെന്ന് സാമുഹ്യ പ്രവർത്തകൻ അടിമലത്തുറ ഡി. ക്രിസ്തുദാസ് പറഞ്ഞു. മൺസൂൺ കാലമായതിനാൽ കടലിൽ എത്തപ്പെടുന്ന മാലിന്യങ്ങൾ തീരത്തേയ്ക്ക് അടിഞ്ഞുകൂടുന്നതും കൂടിയിട്ടുണ്ട്. അടിഞ്ഞുകൂടുന്ന മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ക്ഷിക്കുവാൻ കൂട്ടം കൂടുന്ന നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരും കുറവല്ല. തീരത്ത് അലഞ്ഞു നടക്കുന്ന നായ്ക്കൾ പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപത്തെ ഇടിഞ്ഞ് വീഴാറായ ആയോധന കലാ പരിശീലന കേന്ദ്രത്തിനകത്താണ് തമ്പടിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാരണം പൂവാർ പൊഴിക്കരയിൽ ടൂറിസ്റ്റുകളില്ല.എന്നാൽ തദ്ദേശവാസികൾ കുളിക്കാനും തുണിയലക്കാനും ധാരാളമായി ഇവിടെ എത്താറുണ്ട്. അവരെയും നിരന്തരം തെരുവ് നായ്ക്കൾ ആക്രമിക്കാറുണ്ടെന്നും ലൈഫ് ഗാർഡുകൾ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് പുല്ലുവിളയിൽ 13 പേരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. കരുംകുളം പള്ളത്ത് ഉപേക്ഷിച്ചുപോയ ചീഞ്ഞമീൻ തിന്നാനെത്തിയ നായ്ക്കളുടെ ആക്രമണത്തിലും ആളുകൾക്ക് പരിക്കുപറ്റിയിരുന്നു. അടിമലത്തുറയിലും സമാന സംഭവം ഉണ്ടായി. സ്ത്രീകളും കുട്ടികളും വീടിന് പുറത്തിറങ്ങുന്നത് ഭയത്തോടെയാണ്. കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് വിജനമായ തീരവും പൊതു ഇടങ്ങളും നായ്ക്കങ്ങൾ കൈയ്യടക്കിയിരിക്കുകയാണ്. നായ്ക്കളുടെ കടിയേറ്റ് പരിക്കേൽക്കുന്നവർ ആദ്യം എത്തുന്നത് പൊഴിയൂർ, പൂവാർ, പുല്ലുവിള, വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലാണ്. തുടർന്ന് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ എത്തിയാണ് പ്രതിരോധ വാക്സിൻ എടുക്കുന്നത്. തീരദേശ മേഖലയിൽ തെരുവ് നായ്ക്കൾ കാരണം ഇത്രയും ഗുരുതര സ്ഥിതിയുണ്ടായിട്ടും ആരോഗ്യവകുപ്പും പഞ്ചായത്തുകളും മുൻകരുതൽ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അടുത്ത കാലത്ത് അടിമലത്തുറയിൽ തീരം ചർച്ചാവേദിയുടെ നേതൃത്വത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് 'വാർ ഓൺ വേസ്റ്റ് ' പ്രഖ്യാപിച്ചു കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കരുംകുളത്തും പൂവാറിലും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ദിനംപ്രതി പെരുകുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി മാത്രം സ്വീകരിക്കാൻ ആർക്കും കഴിയുന്നില്ലന്നും നാട്ടുകാർ പറഞ്ഞു.