pain

കർക്കടകത്തിലെ മഴയും ചെറിയ തണുപ്പും തുടങ്ങിയതേയുള്ളൂ.

പലരും രാവിലെ എഴുന്നേൽക്കുന്നത് തന്നെ അവിടെ ഉളുക്കി, ഇവിടെ ഉളുക്കി എന്നൊക്കെ പറഞ്ഞുകൊണ്ടാണ്.
രാത്രിയിൽ ദീർഘനേരം ഫാനിന്റെ കാറ്റുകൊള്ളുന്നതും, എ.സി യുടേയും കൂളറിന്റേയും അമിത ഉപയോഗവും, തണുത്ത വെള്ളത്തിലെ കുളിയും, ശക്തമായ കാറ്റ് ഏൽക്കുന്നതുമെല്ലാം ഉളുക്കിന് കാരണമാകും.

ഏറെ നേരം സങ്കോചിച്ചിരിക്കുന്ന പേശികൾ പെട്ടെന്ന് ചലിപ്പിക്കുകയോ, തിരിയുകയോ മറിയുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന പേശീ വലിവിനെയാണ് ഉളുക്ക് എന്ന് അറിയപ്പെടുന്നത്.

പെട്ടെന്നുള്ള ചലനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുന്നതാണ് നല്ലത്. പതിവിൽ കവിഞ്ഞ രീതിയിലുള്ള പേശീ വലിച്ചിൽ ഉണ്ടാകാതെയും ശ്രദ്ധിക്കണം. തണുത്ത വെള്ളത്തിൽ കുളിച്ച ശേഷമുള്ള ചലനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പേൽക്കാതെ ശരീരം ചൂടായി നിലനിർത്തണം. പൊട്ടാസ്യം, കാൽഷ്യം, രക്തക്കുറവ്, ക്രിയാറ്റിനിൻ ഇവയ്ക്ക് വ്യത്യാസമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവയ്ക്കൊന്നും കുഴപ്പമില്ലാത്തവർ ചൂടുവെള്ളം, ചുക്കുവെള്ളം, ഔഷധക്കാപ്പി, കാഷ്യൂനട്ട് എന്നിവ ഉപയോഗിച്ചും ചൂടുവെള്ളത്തിൽ കുളിച്ചും ഉളുക്കിനെ പ്രതിരോധിക്കാം. തൈരും തണുപ്പിച്ചവയും കഴിക്കരുത്.

കർപ്പൂരാദിതൈലം, ധാന്വന്തരം കുഴമ്പ് ഇവ ചൂടാക്കി പുരട്ടി ആവി പിടിക്കാം. ചൂടോടെ കിഴി വയ്ക്കാം.
ആവി പിടിക്കാൻ വെള്ളം തിളപ്പിച്ച് അതിൽ ഉപ്പ് ചേർത്തോ, പുളിയില, എരിക്കില, കരിനൊച്ചിയില എന്നിവ ചേർത്ത് തിളപ്പിച്ചതിൽ ഉപ്പ് ചേർത്തോ തോർത്ത് മുക്കി ആവി പിടിക്കാം.
രാസ് നാദി പൊടിയോ മണലോ ചെറിയൊരു തുണിയിൽ കിഴികെട്ടി അടുപ്പിൽ ഒരു പാത്രം വച്ച് ചൂടാക്കിയതിൽ തട്ടിച്ച് അതിൽ നിന്ന് കിട്ടുന്ന ചൂടിനെ തൈലം പുരട്ടിയ സന്ധികളിൽ വയ്ക്കാം. തൈലം പുരട്ടി അര മണിക്കൂർ കഴിഞ്ഞ് ചൂട് വയ്ക്കുന്നതാണ് നല്ലത്. രണ്ടുനേരം ചെയ്യണം.
ഉളുക്കെന്ന് കേട്ടാൽ വല്ലാതെ തിരുമ്മി എഴുന്നേല്ക്കാൻ പോലും പറ്റാതായി പോയവരെ കണ്ടിട്ടുണ്ട്. ചില അബദ്ധ ധാരണകളും ചികിത്സയും വച്ച് പുലർത്തുന്നവരുമുണ്ട്. മറ്റ് മരുന്നുകൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉൾപ്പെടുത്തേണ്ടതാണ്.