kadu-vruthiyakkunnu

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിനു സമീപത്തു നിന്ന് നാറാണത്ത് ചിറയിലേക്ക് പോകുന്ന പഴയ പൊലീസ് സ്റ്റേഷൻ റോഡിലെ കാട് വെട്ടി വെടിപ്പാക്കി. ഇരുവശവും പുൽച്ചെടികൾ വളർന്ന് കാടുമൂടിയ റോഡിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഇതിനെപ്പറ്റി കഴിഞ്ഞ ജൂൺ 29 ന് കേരളകൗമുദിയിൽ 'ഇഴജന്തുക്കൾ വാഴും റോഡ്'‌ എന്ന തലക്കെട്ടോടുകൂടി വാർത്ത വന്നിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ റോഡ്‌ യാത്രായോഗ്യമാക്കിയത്. പഞ്ചായത്തംഗം കെ.ആർ. ബേബിയുടെ നേതൃത്വത്തിൽ 26 ഓളം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് റോഡിലെ പുൽച്ചെടികളും അടഞ്ഞുപോയ ഓടയും വൃത്തിയാക്കിയത്. റോഡിനിരുവശവുമുള്ള കുറ്റിക്കാട്ടിൽ നിന്നും പാമ്പുകൾ റോഡിലേക്കിറങ്ങുന്നത് പതിവായിരുന്നു. നിരവധിപേരാണ് പാമ്പു കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മഴവെള്ള പാച്ചിലിൽ മാലിന്യങ്ങളും മണ്ണും ഒഴുകി വന്നതാണ് റോഡിനു സൈഡിലെ ഓട അടഞ്ഞ് പുൽച്ചെടികൾ തഴച്ചു വളരാൻ കാരണമായത്. നൂറുകണക്കിനാളുകളാണ് നിത്യേന ഇതുവഴി നടന്നുപോകുന്നത്. ഇവർക്ക് ഇനി ഭയമില്ലാതെ റോഡിലൂടെ നടക്കാം.