കൊവിഡ് പ്രതിരോധ ഘട്ടത്തിൽ സർക്കാർ അഴിമതി നടത്തി കൊള്ള ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളെയും വെല്ലുവിളിക്കുന്നതാണ്. സ്വർണക്കള്ളക്കടത്തിനെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരായി ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമാണ്.കൊവിഡ്-19നെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷശ്രമം ആശങ്കാജനകമാണ്.
ഇടതുസർക്കാർ ആറ് പ്രധാന പദ്ധതികൾക്ക് മാത്രം കൺസൾട്ടൻസികളെ വച്ചപ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 16 കൺസൾട്ടൻസികളെയാണ് നിയോഗിച്ചത്. കേന്ദ്രസർക്കാർ ലിസ്റ്റ് ചെയ്ത അംഗീകൃത ഏജൻസികൾക്ക് പകരം ടെൻഡർ പോലും വയ്ക്കാതെ യു.ഡി.എഫ് കാലത്ത് കൺസൾട്ടൻസി കരാർ കൊടുത്തു.
2012ൽ യു.പി.എ സർക്കാർ പ്രഖ്യാപിച്ച അതിവേഗ ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായ കെ-ഫോൺ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചത് 2016 ജനുവരിയിൽ യു.ഡി.എഫ് സർക്കാരാണ്. ടെൻഡർഫലം പ്രഖ്യാപിച്ചതടക്കമുള്ള തുടർനടപടികളാണ് ഇടതുസർക്കാർ സ്വീകരിച്ചത്. ഈ പദ്ധതി തിരിച്ചടിയാവുന്ന വൻകിട ഡാറ്റാ കമ്പനികളുടെ വക്കാലത്താണിപ്പോൾ പ്രതിപക്ഷനേതാവ് ഏറ്റെടുത്തത്.
കേന്ദ്ര ഊർജമന്ത്രിയുടെ പ്രിൻസിപ്പൽ അഡ്വൈസർ ചെയർമാനായ ഉന്നതതല കർമ്മസമിതിയുടെ ശുപാർശപ്രകാരമുള്ള കേരളത്തിന്റെ ഇ-ഗതാഗതനയത്തിന്റെ ഭാഗമായി പ്രവാസികളുടെ കൂടി പ്രേരണയിൽ പ്രമുഖ ഇലക്ട്രിക് വെഹിക്കിൾ കമ്പനിയായ ഹെഴ്സ് സ്വിറ്റ്സർലൻഡ് കേരളത്തിൽ മുതൽമുടക്കാൻ താല്പര്യമറിയിച്ചു. സർക്കാർ ഇതുവരെ അംഗീകാരം കൊടുത്തില്ലെങ്കിലും കേരളത്തിന്റെ സമ്പദ്വളർച്ചയ്ക്ക് സഹായിക്കുന്ന മുതൽമുടക്കിന് തയാറാകുന്ന കമ്പനിക്ക് സൗകര്യമൊരുക്കുന്നതിന് പകരം വിവാദമുണ്ടാക്കി തകർക്കാനാണ് പ്രതിപക്ഷശ്രമം. കൊവിഡ് കാലത്ത് മദ്യവില്പന ഓൺലൈൻ വഴിയാക്കാൻ ടോക്കൺസമ്പ്രദായമേർപ്പെടുത്തുക വഴി തിരക്കൊഴിവാക്കാനും ശാരീരിക അകലം പാലിക്കാനുമായി. ശബരിമല വിമാനത്താവളവിഷയത്തിൽ സ്വകാര്യ എസ്റ്റേറ്റുടമയുടെ വക്കാലത്താണ് പ്രതിപക്ഷനേതാവ് ഏറ്റെടുത്തത്. ഏപ്രിൽ 30 വരെ എൽ.ഡി.എഫ് കാലത്ത് പി.എസ്.സി 133132 നിയമനം നടത്തിയപ്പോൾ യു.ഡി.എഫിന്റെ കാലത്ത് 2011 മുതൽ 2015 ജൂൺ വരെ 123104 പേർക്കാണ് നൽകിയത്. താൽക്കാലികനിയമനം യു.ഡി.എഫ് കാലത്ത് 2012 ൽ 31899 ആയിരുന്നെങ്കിൽ എൽ.ഡി.എഫിന്റെ കാലത്ത് 11674 ആണ്. എൽ.ഡി.എഫ് സർക്കാർ 16508 തസ്തിക അധികമായി സൃഷ്ടിച്ചു. ലോക്ക്ഡൗൺ കാലത്ത് പോലും 55 റാങ്ക് ലിസ്റ്റുകളിൽ നിന്ന് 10054 പേർക്ക് നിയമനം നൽകി.
25 വർഷത്തേക്ക് കേരളത്തിന് വെളിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ കെ.എസ്.ഇ.ബി ചെയർമാനും വൈദ്യുതി വകുപ്പിന്റെ സെക്രട്ടറിയുമായിരുന്ന ശിവശങ്കർ യു.ഡി.എഫ് കാലത്ത് ഉണ്ടാക്കിയതിലൂടെ 427കോടിയുടെ ബാദ്ധ്യതയുണ്ടായി. ഈ കരാറൊപ്പിടാൻ ശിവശങ്കറിനെ ഉമ്മൻചാണ്ടി നേതൃത്വം കൊടുത്ത യു.ഡി.എഫ് സർക്കാർ പ്രേരിപ്പിച്ചതാണോ അതോ സർക്കാരിനെ ശിവശങ്കർ പ്രേരിപ്പിച്ചതാണോ?
പഴകിപ്പുളിച്ച ആരോപണങ്ങൾ ചോദ്യരൂപത്തിൽ ആവർത്തിക്കുന്ന പ്രതിപക്ഷനേതാവ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനോട് ഒന്നും ഇതുവരെ ചോദിച്ചില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് ബി.ജെ.പിയോട് വിധേയത്വമല്ലേയെന്ന സംശയം സി.പി.എം സംസ്ഥാനസെക്രട്ടറി ഉയർത്തുന്നത്.
(നിയമ വകുപ്പ് മന്ത്രിയാണ് ലേഖകൻ)