തിരുവനന്തപുരം: വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറിയിൽ നിന്ന് താൻ 2.74 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇന്നലെ അറസ്റ്റിലായ മുൻ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജൂലായ് 27ന് രണ്ട് കോടിയും അതിന് മുമ്പ് 74 ലക്ഷം രൂപയും തട്ടിയെടുത്തു.
മുൻ ട്രഷറി ഓഫീസർ ഭാസ്കരനിൽ നിന്നാണ് അദ്ദേഹത്തിന്റെ പാസ് വേഡ് തനിക്ക് കിട്ടിയതെന്നാണ് ബിജുലാൽ പറഞ്ഞത്.
മേയ് 31ന് സർവീസിൽ നിന്ന് വിരമിച്ച മുൻ ട്രഷറി ഓഫീസർ ഏപ്രിൽ 15 മുതൽ ലീവിലായിരുന്നു. മാർച്ച് അവസാനം ലോക്ക് ഡൗണുള്ള ദിവസം ഓഫീസിൽ നിന്ന് അദ്ദേഹം പുറത്തുപോയപ്പോൾ സിസ്റ്റം ഓഫ് ചെയ്യാൻ തന്നോടാവശ്യപ്പെട്ടു. അതിനായി അദ്ദേഹത്തിന്റെ പാസ് വേഡ് നൽകി. ഇത് ഓർത്തു വച്ചാണ് പിന്നീട് തട്ടിപ്പിന് ഉപയോഗിച്ചത്. ആദ്യം തട്ടിയെടുത്ത 74 ലക്ഷം രൂപ ഭാര്യയ്ക്ക് ആഭരണം വാങ്ങാനും സഹോദരിക്ക് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകാനുമാണ് ഉപയോഗിച്ചത്. രണ്ട് കോടി രൂപ വെട്ടിക്കുന്നതിന് മുമ്പ് 60,000 രൂപ കൂടി വെട്ടിക്കാൻ ശ്രമിച്ചെങ്കിലും, ട്രഷറി ഓഫീസർ പരാതി നൽകുമെന്ന് പറഞ്ഞതോടെ പിൻമാറിയെന്നും ബിജുലാൽ പറഞ്ഞു.
പിടികൂടിയത് മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച്
ഇന്നലെ രാവിലെ തന്റെ അഭിഭാഷകന്റെ ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ബിജുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയാതിരിക്കാൻ തൊപ്പി ധരിച്ചിരുന്നു. ബിജുലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ ആദ്യം കോടതി സ്വീകരിച്ചിരുന്നില്ല. മുൻകൂർ ജാമ്യം കിട്ടില്ലെന്ന് വ്യക്തമായതോടെ കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തുന്നതിനിടെയാണ് ചാനൽ സംഘമെത്തിയത്. വിവരമറിഞ്ഞെത്തിയ വഞ്ചിയൂർ സി.ഐ നിസാം, എസ്.ഐ ഉമേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അവിടെ നിന്ന് എസ്.എ.പി ക്യാമ്പിലേക്ക് കൊണ്ടു പോയി. പിന്നീട് കൊവിഡ് പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി വഞ്ചിയൂർ ട്രഷറിയിൽ കൊണ്ടുവന്നു. തുടർന്ന്, വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലായി ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുൾഫിക്കറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ബിജുലാൽ ഒളിവിലായിരുന്നു.പ്രതിയെ ഇന്ന് മജിസ്ട്രേറ്രിന് മുന്നിൽ ഹാജരാക്കും.