മുഖപ്രസംഗം
...................
സിവിൽ സർവീസ് പരീക്ഷയിൽ മലയാളികൾ മുൻ വർഷങ്ങളെക്കാൾ തിളക്കമാർന്ന വിജയമാണു കൈവരിച്ചത്. വിജയശ്രീലാളിതരായ മിടുക്കന്മാരെയും മിടുക്കികളെയും ആദ്യം തന്നെ അഭിനന്ദിക്കുന്നു. യു.പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നൂറോളം മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിനു പേർ എഴുതുന്ന സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുകയെന്നത് ചില്ലറ കാര്യമല്ല. ആദ്യ നൂറു റാങ്കുകാരിൽ എട്ടു മലയാളികൾക്ക് അതിനു ഭാഗ്യമുണ്ടായെന്നത് കേരളത്തിനാകെ അഭിമാനം പകരുന്നു. കോട്ടയം സ്വദേശിയായ സി.എസ്. ജയദേവാണ് കേരളത്തിലെ സിവിൽ സർവീസ് റാങ്കുകാരിൽ ഏറ്റവും മുന്നിൽ. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്കാണ് ഈ മിടുക്കന്റേത്. 36-ാം റാങ്ക് നേടിയ ആർ. ശരണ്യ, നാല്പതാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്, നാല്പത്തഞ്ചാം റാങ്ക് നേടിയ സഫ്ന നസറുദ്ദീൻ, അൻപത്തഞ്ചാമനായ അരുൺ എസ്. നായർ, എൺപത്തൊൻപതാമതെത്തിയ നിതിൻ കെ. ബിജു, തൊണ്ണൂറ്റി ഒൻപതാമെത്തിയ പി.പി. അർച്ചന എന്നിവരൊക്കെ സംസ്ഥാനത്തിന് അഭിമാനാർഹമായ നേട്ടങ്ങളുമായി മുൻനിരയിലെത്തിയവരാണ്. ഇരുനൂറാം റാങ്കിനകത്തു വരുന്ന മലയാളികൾ ഇരുപതോളമാണ്.
ലക്ഷ്യബോധവും അദ്ധ്വാനിക്കാൻ മനസും മികച്ച പരിശീലന സൗകര്യങ്ങളുമാണ് വിജയത്തിന് ആധാരം. സംസ്ഥാനത്തു മികച്ച പരിശീലനകേന്ദ്രങ്ങൾ അടുത്ത കാലത്തായി ഏറെ ഉയർന്നുവന്നത് കുട്ടികൾക്ക് അനുഗ്രഹമായിട്ടുണ്ട്. ഓരോ വർഷവും കൂടുതൽ വിജയികൾ ഉണ്ടാകുന്നതിനു പിന്നിൽ പരിശീലന സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ചിട്ടയായ പഠനവും കൃത്യമായ ലക്ഷ്യബോധവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ അനുഭവ കഥകൾ. രണ്ടും മൂന്നും നാലും തവണ പരീക്ഷ എഴുതിയവർ ഇക്കൂട്ടത്തിലുണ്ട്. കൂട്ടത്തിൽ അഗ്നിശമന സേനയിൽ സേവനമനുഷ്ഠിക്കവെ പരീക്ഷ എഴുതി 291-ാം റാങ്ക് നേടിയ ആശിഷ് ദാസ് എന്ന കുണ്ടറ സ്വദേശി സിവിൽ സർവീസ് മോഹം കൊണ്ടുനടക്കുന്ന യുവതീയുവാക്കൾക്ക് മികച്ച മാതൃക തന്നെയാണ്. അഞ്ചാം ശ്രമത്തിലാണ് ആശിഷിനെ ഭാഗ്യം കടാക്ഷിച്ചത്. ആദ്യ ശ്രമത്തിൽത്തന്നെ നാല്പത്തഞ്ചാം റാങ്ക് നേടി വീടിനും നാടിനും ഒരുപോലെ കീർത്തി സമ്മാനിച്ച തലസ്ഥാന നഗരിയിലെ സഫ്ന നസറുദ്ദീന്റെ പേരും എടുത്തു പറയേണ്ടതുതന്നെ.
തലസ്ഥാനത്തു നിന്നു തന്നെയുള്ള എസ്. ഗോകുൽ എന്ന ചെറുപ്പക്കാരന്റെ വിജയത്തിനുമുണ്ട് അത്യപൂർവമായ തിളക്കവും ചാരുതയും. പൂർണമായും കാഴ്ച ഇല്ലാതിരുന്നിട്ടും വിധിയോടു പൊരുതി നേടിയതാണ് ഗോകുലിന്റെ 804-ാം റാങ്ക്. കഠിനമായി പരിശ്രമിക്കാൻ മനസുണ്ടെങ്കിൽ ഏത് ഇരുട്ടിനപ്പുറവുമുള്ള പ്രകാശത്തിന്റെ വാതിൽ തുറക്കാനാകുമെന്ന് കാട്ടിത്തരികയാണ് ഈ യുവാവ്. പഠിക്കുന്നത് പൊതുവിദ്യാലയത്തിലാണെങ്കിലും സിവിൽ സർവീസിൽ കടന്നുകൂടാനാവുമെന്ന് തെളിയിച്ചവർ വിജയികളുടെ കൂട്ടത്തിൽ ഇക്കുറിയുമുണ്ട്. മലയാളം ഐച്ഛിക വിഷയമായി എടുത്ത് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത് പതിനൊന്നു പേരാണ്. മാതൃഭാഷയോട് അകലം പാലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണിത്.