police

തിരുവനന്തപുരം: സമ്പർക്ക വ്യാപനം കണ്ടെത്തുന്നതടക്കം സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ നടപടികളുടെ പൂർണ ചുമതല പൊലീസിന് കൈമാറിയതിന് പൊതുസമൂഹത്തിൽ സ്വീകാര്യതയുണ്ടെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.

കൊവിഡ് രോഗവ്യാപനം കൂടി വരുന്നതിൽ സമൂഹത്തിൽ ആശങ്ക ശക്തമായിട്ടുണ്ടെന്ന് ഓൺലൈൻ വഴി ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊലീസിനെ പൂർണ ചുമതലയേല്പിച്ചതിൽ ഐ.എം.എ ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലുള്ള മുഖ്യമന്ത്രിയുടെ വാദഗതികളോട് മന്ത്രിമാരും യോജിച്ചു. ആരോഗ്യ വകുപ്പിനെ പാടെ ഒഴിവാക്കിയെന്ന ആക്ഷേപം ശരിയല്ല. വിവാദമുണ്ടാക്കി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാനാണ് പ്രതിപക്ഷം വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് മദ്ധ്യത്തോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂർദ്ധന്യത്തിലെത്തുമെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. അല്ലാത്തപക്ഷം കൂടുതൽ സമൂഹവ്യാപനത്തിലേക്ക് നീങ്ങും. കണ്ടെയ്ൻമെന്റ് ക്ലസ്റ്ററിനകത്ത് നിന്നാരെയും പുറത്ത് പോകാനനുവദിക്കില്ല. ആവശ്യമായ മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കും. കൊവിഡ് പ്രതിരോധത്തിൽ മികച്ച പങ്ക് വഹിച്ചവർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.