വെള്ളറട: കത്തിപ്പാറ - ശങ്കിലി - പന്നിമല റിംഗ് റോഡ് നിർമ്മാണത്തിലെ ഇഴച്ചിലിന് വയസ് രണ്ട്. ഉണ്ടായിരുന്ന റോഡ് വികസനത്തിനായി ഇല്ലാതായതിന്റെ സങ്കടത്തിലാണ് നാട്ടുകാർ. തീർത്ഥാടകർക്ക് ഗതാഗത കുരുക്കില്ലാതെ കുരിശുമലയിലെത്തുന്നതിനാണ് ആറരക്കോടിയുടെ റോഡ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. നിർമ്മാണം ഉദ്ഘാടനം 2017 ഒക്ടോബർ ഒന്നിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
ആ വർഷത്തെ കുരിശുമല തീർത്ഥാടനത്തിന് മുമ്പ് പൂർത്തിയാക്കുമെന്നുള്ള പി.ഡബ്ലിയു.ഡിയുടെ പ്രഖ്യാപനവും ജലരേഖയായി. രണ്ട് തീർത്ഥാടനം കഴിഞ്ഞപ്പോൾ റോഡ് നിർമ്മാണം പകുതിയിൽ ഉപേക്ഷിച്ച നിലയിലുമായി. കത്തിപ്പാറ മുതൽ പന്നിമല വരെയുള്ള രണ്ടു കിലോമീറ്റർ കരാറുകാരനും പി.ഡബ്ള്യു.ഡിയും നന്നാക്കാത്തതിനെ തുടർന്ന് നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ മാസങ്ങൾക്ക് മുമ്പ് റോഡിൽ മെറ്റലിട്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു.
പക്ഷേ ചരക്കുവാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ മെറ്റൽ പൂർണമായും ഇളകി. ഇതുകാരണം ഇരുചക്രമുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും കാൽനടക്കാർക്കും ഇതുവഴിയുള്ള യാത്ര അസാദ്ധ്യമായി.
ആദ്യഘട്ടത്തിൽ നാട്ടുകാരിൽ നിന്നുണ്ടായ ചില എതിർപ്പുകളാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് പി.ഡബ്ളിയു.ഡി അധികൃതർ പറയുന്നത്. സ്ഥലം ഏറ്റെടുക്കലുൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസമുണ്ടായെന്നും ആരോപണമുണ്ട്. അതേസമയം മെറ്റലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ടാർ ചെയ്യാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. സമരസമിതിക്കാർ പറയുന്നു.