പാലോട്: പാലോട് പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായി റോഡരികിൽ നിന്ന മരം കാറ്റിൽ ഒടിഞ്ഞ് വീണ് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരം ഒടിഞ്ഞ് വീണ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ റോഡ് നിർമ്മാണത്തോടനുബന്ധിച്ച് റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണ് ഇടിച്ച് മാറ്റിയിരുന്നു. ഇതേ തുടർന്ന് പല കൂറ്റൻ മരങ്ങളുടെയും വേരറ്റ നിലയിലാണ്. പല തവണ പി.ഡബ്ളിയു.ഡി അധികൃതർക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികൾ നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇനി വരുന്ന ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീഴാനുള്ള സാദ്ധ്യത ഉള്ളതിനാൽ അധികാരികളുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.