1232

തിരുവനന്തപുരം: പി.പി.ഇ കിറ്റണിഞ്ഞ് ചെറുപുഞ്ചിരിയോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി മാറുകയാണ് ഈ വാർഡ് കൗൺസിലർ. തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയ ഐ.പി. ബിനു കൊവിഡ് കാലത്തും നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിയിലുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ മൃതദേഹം അടക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്കായി ബിനു നഗരസഭയുടെ തൊഴിലാളികൾക്കൊപ്പമുണ്ട്. ആരോഗ്യ വിഭാഗത്തിലെ വനിതാ ഇൻസ്‌പെക്ടർ ഷൈനി പ്രസാദും ഐ.പി. ബിനുവും കൊവിഡ് മൃതദേഹം സംസ്‌കരിക്കാൻ ഇടപെട്ടതിനെപ്പറ്റി കേരളകൗമുദി 30ന് റിപ്പോർട്ട് ചെയ്‌തിരുന്നു. നെയ്യാറ്റിൻകരയിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹവും ഇവരുടെ നേതൃത്വത്തിൽ നഗരസഭയുടെ റാപ്പിഡ് റെസ്‌പോൺസ് ടീമാണ് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചത്. ഒരാഴ്ച മുമ്പ് ഫോർട്ട് ആശുപത്രിയിലെ കൊവിഡ് വാർഡിൽ 50ഓളം വരുന്ന ഗർഭിണികൾക്ക് അവശ്യസാധനങ്ങളെത്തിക്കാൻ പ്രതിസന്ധിയുണ്ടായപ്പോൾ ബിനു പി.പി.ഇ കിറ്റ് അണിഞ്ഞ് അവർക്ക് സാധനങ്ങൾ എത്തിച്ചു. ബിനുവിന്റെ വാർഡായ കുന്നുകുഴിയിലെ ബണ്ട് കോളനിയിൽ 65 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കണ്ടെയ്ൻമെന്റ് സോണായ വാർഡിൽ അരിയും സാധനങ്ങളും സ്‌പോൺസർമാരെ കണ്ടെത്തി ലഭ്യമാക്കുന്ന ബിനു സാധനങ്ങളുടെ കയറ്റിറക്ക് ജോലിയും ചെയ്യുന്നുണ്ട്. കൊവിഡ് പ്രതിരോധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ വീട്ടിൽ പോകാറില്ല. ഭാര്യയെയും മക്കളെയും കണ്ടിട്ട് ഒരു മാസമാകുന്നു. പ്രത്യേകം മുറിയെടുത്ത് നഗരത്തിലാണ് ഇപ്പോൾ താമസം.

'' കൊവിഡ് കാലത്ത് പലരും സഹായങ്ങൾക്കായി വിളിക്കാറുണ്ട്. പറ്റുന്നിടത്തെല്ലാം എത്തും. സഹായവും കരുതലും വേണ്ട സമയമാണിത്. പരാതിയില്ല, അഭ്യർത്ഥന മാത്രമേയുള്ളൂ.

ഐ.പി. ബിനു