voters-list

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. ജൂൺ 17ന് പ്രസിദ്ധീകരിച്ച 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് കോർപറേഷനുകളിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്. ജൂൺ 17ന് പ്രസിദ്ധീകരിച്ച അടിസ്ഥാന, സപ്ലിമെന്ററി പട്ടികകൾ സംയോജിപ്പിച്ചാണ് 12ന് കരട് പ്രസിദ്ധീകരിക്കുന്നത്.

കരട് പട്ടികയിൽ 1,25,40,302 പുരുഷൻമാരും, 1,36,84,019 സ്ത്രീകളും, 180 ട്രാൻസ് ജെൻഡറുമുൾപ്പെടെ 2,62,24,501 പേരാണുള്ളത്. കരടിൽ പേര് ചേർക്കുന്നതിന് 12 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.lsgelection.kerala.gov.in ആണ് വിലാസം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റത്തിനും ഓൺലൈൻ അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം. അപേക്ഷകൾ 26നകം സമർപ്പിക്കണം. അന്തിമ വോട്ടർപട്ടിക സെപ്തംബർ 26ന് പ്രസിദ്ധീകരിക്കും.

കരട് പട്ടികയിലുള്ള മരിച്ചവരുടെ പേര് ഒഴിവാക്കാൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ നടപടിയെടുക്കും. ജനുവരി 20ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച പരിശോധനകളും ഹിയറിംഗും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്നും കമ്മിഷണർ അറിയിച്ചു.