മുടപുരം: വൈദ്യുതി ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരാതികളും പെട്ടെന്ന് പരിഹരിക്കാൻ പെരുങ്ങുഴിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസിനെ സെക്‌ഷൻ ഓഫീസായി ഉയർത്തണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

അനേകം വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യം പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. അഴൂർ ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിലായി പതിനായിരത്തിൽപ്പരം വൈദ്യുത ഉപഭോക്താക്കളുണ്ട്. എന്നാൽ പഞ്ചായത്ത് മംഗലപുരം, ചിറയിൻകീഴ്, കണിയാപുരം എന്നീ മൂന്ന് സെക്ഷനുകളുടെ കീഴിലായതിനാൽ ഗ്രാമ പഞ്ചായത്തിനും ഉപഭോക്താക്കൾക്കും ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഞ്ചായത്തിലെ പെരുങ്ങുഴിയിൽ പ്രവർത്തിക്കുന്ന സബ് എൻജിനിയർ ഓഫീസിൽ ഒരു ഓവർസിയർ മാത്രമേ ഉള്ളൂ. ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് സ്വീകരിക്കാൻ സംവിധാനം ഉണ്ടെങ്കിലും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ അവർക്ക് സെക്ഷൻ ഓഫീസിൽ പോകേണ്ടിവരും.സെക്ഷൻ ഓഫീസ് വളരെ ദൂരത്തായതിനാൽ ഇത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.