തിരുവനന്തപുരം: കോർപ്പറഷനുകളിലെയും നഗരസഭകളിലെയും കെട്ടിട നിർമ്മാണാനുമതി ഓൺലൈനാക്കിയ നടപടി മരവിപ്പിച്ചു. ഇതിനുള്ള നടപടികൾ കഴിഞ്ഞ ആറു മാസത്തോളമായി നേരിട്ടാണ്. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപമെത്തിക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 2017 ജൂൺ മുതൽ കെട്ടിട നിർമ്മാണാനുമതി ഓൺലൈനാക്കാൻ തീരുമാനിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ ദേവ് ഇൻഫർമേഷൻ ടെക്നോളജിക്കാണ് ഇതിനുള്ള കരാർ നൽകിയത്. 2018 ഡിസംബറിൽ അഞ്ച് കോർപ്പറേഷനുകളിലും വർക്കല, ആലപ്പുഴ, മുനിസിപ്പാലിറ്റികളിലും, പിന്നീട് കോഴിക്കോട് കോർപ്പറേഷൻ ഒഴികെയുള്ള നഗരസഭകളിലും നടപ്പാക്കി.
ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) തയ്യാറാക്കിയ സങ്കേതം സോഫ്റ്റ് വെയർ വഴി ആറ് വർഷത്തോളം ഇ-ഫയലിംഗ് കൃത്യമായി നടത്തിവന്നപ്പോഴാണ് ദേവിന് കരാർ നൽകിയത്. കെട്ടിട നിർമ്മാതാവിന്റെ വ്യക്തിപരമായ വിവരങ്ങളും സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിനെതിരെ ലൈസൻസ്ഡ് എൻജിനീയർമാരും മറ്റും നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്ത് 32,000 പേരാണ് കെട്ടിട നിർമ്മാണം സംബന്ധിച്ച എൻജിനീയിറിംഗ് പ്രവൃത്തികൾക്ക് ലൈസൻസ് നേടിയത്. ഇവർ പ്രതിവർഷം 1,36,000 രൂപ ദേവിന് നൽകേണ്ടിയിരുന്നു. എതിർപ്പിനെ തുടർന്ന് ഇത് പിന്നീട് 84,000 ഉം 36,000 ഉം രൂപയായികുറച്ചു. ദേവിന്റെ സോഫ്റ്റ്വെയർ തകരാറിലായതോടെയാണ് ഫെബ്രുവരി മുതൽ നടപടികൾ വീണ്ടും മാന്വലാക്കിയത്.
'സാധാരണക്കാരായ ലൈസൻസികൾക്ക് ലക്ഷക്കണക്കിന് രൂപ ബാദ്ധ്യതയും സ്വകാര്യ കമ്പനികൾക്ക് കോടികൾ ലാഭവും വരുത്തുന്നതായി ഓൺലൈൻ സംവിധാനത്തെ സർക്കാർ മാറ്റി.'
-സി.കൃഷ്ണകുമാർ,
ബി.ജെ.പി സംസ്ഥാന
ജനറൽ സെക്രട്ടറി
'സ്വകാര്യ കമ്പനി വേണ്ട. ഐ.കെ.എമ്മിന്റെ സങ്കേതം സോഫ്റ്ര് വെയറിൽ മാറ്റങ്ങൾ വരുത്തിയാൽ മതി'.
-കവടിയാർ ഹരികുമാർ,
ബിൽഡിംഗ് ഡിസൈനേഴ്സ്
അസോസിയേഷൻ