road

വെള്ളനാട്: നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ചാങ്ങ - പുനലാൽ - ചക്കിപ്പാറ റോഡ്. മൂന്നര‌ക്കിലോമീറ്റർ ദൂരം വരുന്ന റോഡിൽ മെറ്റൽ പാകി റോഡ് വീതി കൂട്ടി. എന്നാൽ പല ഭാഗങ്ങളിലും വീതി കൂട്ടൽ പ്രഹസനം മാത്രമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ഈ റോഡുകളിൽ ഇനി ആരംഭിക്കാൻ ഉള്ളത് ടാറിംഗ് ജോലികളാണ്. കുറച്ചുഭാഗം ടാറിംഗ് നടത്തിയെങ്കിലും നിലവിൽ പണികൾ നിലച്ച മട്ടാണ്. പഴയ റോഡ് വീതി കൂട്ടുന്നതിനായി വശങ്ങളിൽ വൈറ്റ്മിക്സ് ഇട്ടു. ഇതിന് ശേഷം നിരന്തരമുള്ള വാഹനയാത്രയിൽ വൈറ്റ്മിക്സ് ഇളകി മെറ്റൽ നിരന്നതോടെ ഇവിടെ അപകടങ്ങൾ സംഭവിക്കുന്നത് വർദ്ധിച്ചിരിക്കുകയാണ്. ഇരുചക്രവാഹനത്തിൽ നിന്ന് റോഡിൽ വീണ് നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പ്രദേശവാസികൾ ദുരിതത്തിലായിട്ടും ജോലി മുടങ്ങിയ റോഡിന്റെ നവീകരണം ആരംഭിക്കാൻ പി.ഡബ്ലിയു.ഡി അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.

 പൊടി ശല്യം രൂക്ഷം

ഈ റോഡിൽ പൊടിശല്യം കാരണം വീർപ്പുമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. മെറ്റലും വൈറ്റ് മിക്സും പൊളിഞ്ഞിളകിയതും നിരന്തരം വാഹനങ്ങൾ സ‌ഞ്ചരിക്കുന്നത് മൂലമുണ്ടാകുന്ന പൊടി കാരണം കാൽനടയാത്രയും ഇവിടെ ദുഷ്കകരമായിരിക്കുകയാണ്. പൊടി ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് റോഡ് നനയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ അതിന് തയാറായില്ല. മഴ തുടങ്ങിയതോടെ പൊടി ശല്യത്തിന് താത്കാലിക വിരാമമായിട്ടുണ്ടെങ്കിലും റോഡിൽ പലയിടവും ചെളിക്കളമായി മാറിയിരിക്കുകയാണ്.