തിരുവനന്തപുരം: പമ്പ- ത്രിവേണിയിലെ അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട അഴിമതിയിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പരാതി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു.
കേസ് ഈ മാസം പത്തിലേക്ക് വാദത്തിനായി മാറ്റി വച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കണ്ണൂർ ആസ്ഥാനമായ കേരളാ ക്‌ളേയ്സ് ആൻഡ് സെറാമിക് പ്രോഡക്ട്സ് ലിമിറ്റിഡ് മാനേജിംഗ് ഡയറക്ടർ എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയത്.
കഴിഞ്ഞ പ്രളയകാലത്ത് പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ കണ്ണൂരിലെ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്ട്സ് ലിമിറ്റിഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ ശ്രമിച്ചുവെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയും അധികാര ദുർവിനിയോഗവും നടന്നുവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പരാതി.