photo

നെടുമങ്ങാട് : പ്രളയം കവർന്ന കളിയൽ റോഡും ഇണ്ടളയപ്പൻ ക്ഷേത്രമുറ്റത്തെ ഓടയും മുഖ്യമന്ത്രിയുടെ റീ ബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കും. നെടുമങ്ങാട് നഗരസഭയിലെ സന്നഗർ, കളിയൽ നിവാസികൾ ഏറെനാളായി മുറവിളി ഉയർത്തിയിരുന്ന ആവശ്യത്തിനാണ് പരിഹാരമാവുന്നത്. തോട്ടുമുക്ക് - പരിയാരം - വേങ്കോട് തുങ്ങിയ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സന്നഗർ കളിയൽ - ഖാദിബോർഡ് റോഡ് 600 മീറ്റർ കോൺക്രീറ്റ് ചെയ്ത് വാഹനഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. മഴവെള്ളം കുത്തിയൊലിച്ച് അപകടക്കെണിയായ റോഡിൽ നിത്യേന നിരവധി അപകടങ്ങളാണ് നടക്കുന്നത്. പുതിയ റോഡ് നിർമ്മിക്കുന്നതോടെ അപകടങ്ങൾക്കും അറുതിയാവും. ഇണ്ടളയപ്പൻ ക്ഷേത്രത്തിനും സന്നഗർ അങ്കണവാടി കെട്ടിടത്തിനും സുരക്ഷാഭീതി ഉയർത്തിയിരുന്ന ഓടയാണ് റീ ബിൽഡ് കേരളയിലൂടെ നവീകരിക്കുന്നത്. അങ്കണവാടി കുട്ടികളും ഭക്തജനങ്ങളും ഓടയിൽ കാൽ തെന്നി വീഴുന്നത് നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു. 350 മീറ്റർ നീളത്തിലാണ് ഓട നിർമ്മിക്കുന്നത്. കളിയൽ -ഖാദിബോർഡ് റോഡിന് 26 ലക്ഷം രൂപയും ക്ഷേത്ര ഓട നിർമ്മാണത്തിന് 24 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. റീ ബിൽഡ് കേരള പദ്ധതിയിൽ സന്നഗറിലെ റോഡും ഓടയും ഉൾപ്പെടുത്തിയ മുഖ്യമന്ത്രിക്ക് സന്നഗർ നിവാസികളുടെ നന്ദി രേഖപ്പെടുത്തുന്നതായി വാർഡ് കൗൺസിലർ പി.രാജീവ് അറിയിച്ചു.

കളിയൽ റോഡ് നിർമ്മിക്കാൻ അനുവദിച്ചത് 26 ലക്ഷം
ഇണ്ടളയപ്പൻ ക്ഷേത്രമുറ്റത്തെ ഓട നവീകരിക്കാൻ അനുവദിച്ചത് 24 ലക്ഷം