biju

gopakumar

കഴക്കൂട്ടം: അർദ്ധരാത്രി ആശുപത്രിൽ പോകവെ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ യുവതി പ്രസവിച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന വീട്ടുകാർക്ക് മംഗലപുരം എസ്.ഐ ഗോപകുമാറും സിവിൽ പൊലീസ് ഓഫീസർ ബിജുവും തുണയായി.കഴിഞ്ഞ 2ന് പള്ളിപ്പുറം ബിനോയ് മാർബിളിനടുത്തുള്ള വിജനമായ സ്ഥലത്ത് രാത്രി 12നാണ് സംഭവം. പ്രസവവേദനയെ തുടർന്ന് പെരുങ്ങുഴി സ്വദേശിനിയായ യുവതിയെയുംകൊണ്ട് ഭർത്താവ് ഷാജിയും അമ്മയും എസ്.എ.ടിയിലേക്ക് പോകുന്നതിനിടയിലാണ് ഇന്ധനം തീർന്നത്. സമീപത്ത് പെട്രോൾ പമ്പുണ്ടെങ്കിലും അവിടെ ആരുമില്ലായിരുന്നു. യുവതി നിലവിളിക്കുന്നുണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ ഡ്രൈവറും വീട്ടുകാരും നിസഹായരായി. ഇതിനിടയിൽ 24കാരി ആൺകുഞ്ഞിന് ജന്മം നൽകി. കാറിലെ ഇടക്കുറവ് കാരണം പൊക്കിൾക്കൊടി വേർപെടാത്ത കുഞ്ഞും അമ്മയും സീറ്റിനിടയിൽ കുടുങ്ങിയ അവസ്ഥയിലായി. ഈ സമയത്താണ് മംഗലപുരം സ്റ്റേഷനിലെ പട്രോളിംഗ് ജീപ്പ് അതുവഴി വന്നത്. ഉടൻ തന്നെ എസ്.ഐ ഗോപകുമാറും ബിജുവും ഇറങ്ങി കണിയാപുരത്തെ എസ്.കെ.എസ്.എഫ് ആംബുലൻസിനെയും നഴ്സിനെയും വിളിച്ചുവരുത്തി.തുടർന്ന് പള്ളിപ്പുറം സ്വദേശികൂടിയായ എസ്.ഐ അല്പം അകലെയുള്ള ചായക്കടയുടമ ശ്യാമിനെ വിളിച്ചുണർത്തി വെള്ളവസ്ത്രം തരപ്പെടുത്തി കാറിനടുത്തേക്ക് പാഞ്ഞു. പൊലീസും കാറും ആളും കണ്ട് അതുവഴി വന്ന ഐ.ജി ശ്രീജിത്തും ഇറങ്ങി വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞു.തുടർന്ന് പൊക്കിൾക്കൊടി വേർപെടുത്തിയ ശേഷം കുഞ്ഞിനെ ആംബുലൻസിലും യുവതിയെ കാറിലും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചുവരുന്നു.