വിതുര: നിരവധി നാളത്തെ കാത്തിരിപ്പിനൊടുവിൽ വിതുര പൊലിസ് സ്റ്റേഷൻ റോഡിന് ശാപമോക്ഷമായി. റോഡ്‌ അടിയന്തരമായി ടാറിംഗ് നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത്‌ അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പൊന്മുടി തിരുവനന്തപുരം സംസ്ഥാന പാതയിൽ വിതുര കലുങ്ക് ജംഗ്ഷനിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന റോഡ്‌ തകർന്നിട്ട് പത്ത് വർഷത്തോളമായി. പൊലീസുകാർ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. മാത്രമല്ല ഗട്ടറുകൾ നിറഞ്ഞു കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതുമാണ്. പൊലീസ് സ്റ്റേഷന് സമീപത്താണ് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ പ്രവർത്തിക്കുന്നത്. രണ്ട് പ്രധാന ഓഫീസുകളിലേക്ക് പോകുന്നപ്രധാന റോഡ്‌ വർഷങ്ങളായി തകർന്ന് കിടന്നിട്ടും അധികൃതർക്ക് അനക്കമില്ല. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻപ് റോഡ്‌ ടാറിംഗ് നടത്തുന്നത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും യഥാർത്ഥ്യമായില്ല. ഇന്നലെ കേരളകൗമുദി റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ വി.കെ. മധു റോഡ്‌ സന്ദർശിക്കുകയും ടാറിംഗ് നടത്താൻ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വി.കെ. മധു അറിയിച്ചു.

നന്ദി രേഖപ്പെടുത്തി

വർഷങ്ങളായി തകർന്നുകിടന്ന വിതുര പൊലീസ് സ്റ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധുവിന് വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, തൊളിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷംന നവാസ് എന്നിവർ നന്ദി രേഖപ്പെടുത്തി.