വർക്കല: വർക്കല നഗരസഭയിലെ ചെറുകുന്നം പ്രദേശത്ത് റെയിൽവേ അധികൃതർ വഴി കെട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. വർഷങ്ങളായി പ്രദേശവാസികൾ ഉപയോഗിച്ച പൊതുവഴിയാണ് മാനുഷിക പരിഗണന പോലും ഇല്ലാതെ റെയിൽവേ കെട്ടിയടച്ചതെന്ന് അഡ്വ.വി. ജോയി എം.എൽ.എയും അഡ്വ. അടൂർപ്രകാശ് എംപിയും പറഞ്ഞു. ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഇവർ അറിയിച്ചു. വഴിയടച്ച നടപടിക്കെതിരെ റെയിൽവേ മന്ത്രിക്ക് പരാതി നൽകുമെന്ന് വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് കേരളകൗമുദിയോട് പറഞ്ഞു. വർക്കലയിൽ പൊതുജനങ്ങളുടെ ഗതാഗതം കെട്ടിയടച്ച റെയിൽവേയുടെ നടപടിയിൽ മുസ്ലിംലീഗ് വർക്കല മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് വർക്കല ഹംസ, ബി.ജെ.പി വർക്കല മണ്ഡലം പ്രസിഡന്റ് അജുലാൽ, കോൺഗ്രസ് വർക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ, സി.പി.എം വർക്കല ഏരിയ സെക്രട്ടറി അഡ്വ.എസ്. രാജീവ് എന്നിവരും പ്രതിഷേധിച്ചു. മൂവായിരത്തോളം കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വർക്കല പൊതുമരാമത്ത് വകുപ്പ് റെയിൽവേ പെർമനന്റ് വേ വർക്ക് ഡിപ്പാർട്ട്മെന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികളായ ഷിബി, മനുരാജ്, സുകു, സതീശൻ, റാം ജിത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.