തമിഴ് താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാവാൻ പോവുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെ അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി താരങ്ങളും വന്നു. താരങ്ങളുടെ പ്രണയവും വിവാഹവും സംബന്ധിച്ച് നിരന്തരം വാർത്തകൾ വരാറുണ്ട്. ഇപ്പോഴിതാ താരപുത്രിയും നടിയുമായ കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് പുതിയ വാർത്ത പ്രചരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ആരോപണം വന്നിരുന്നെങ്കിലും അങ്ങനെയൊന്നില്ലെന്ന് കീർത്തി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചില സൂചനകൾ ചൂണ്ടി കാണിച്ചാണ് കീർത്തി സുരേഷ് വിവാഹിതയാവുകയാണെന്ന് ആരാധകരും ചില മാദ്ധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നത്. നിർമാതാവ് സുരേഷിന്റെയും നടി മേനകയുടെയും ഇളയപുത്രിയാണ് കീർത്തി. ബാലതാരമായിട്ടും നായികയായിട്ടും മലയാളത്തിലൂടെയായിരുന്നു കീർത്തി അഭിനയിച്ച് തുടങ്ങിയത്. ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി വളർന്നു. തെലുങ്കിലെ സിനിമകളെല്ലാം വലിയ വിജയമായി കൊണ്ടിരിക്കവേ താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതുവരെ സഹതാരങ്ങളുടെ പേരിനൊപ്പം കീർത്തി ഗോസിപ്പുകളിൽ നിറഞ്ഞിട്ടില്ലെങ്കിലും വിവാഹവാർത്ത ശക്തമാവുകയാണ്. അധികം വൈകാതെ തന്നെ കീർത്തിയുടെ വിവാഹമുണ്ടാവുമെന്നും വരൻ പ്രമുഖ വ്യവസായി ആണെന്നുമായിരുന്നു ഈ ലോക്ഡൗൺ നാളുകളിലെ പ്രചാരണം. അച്ഛൻ കണ്ടെത്തിയ വരനെ വിവാഹം കഴിക്കാൻ കീർത്തി സമ്മതം മൂളിയതായിട്ടും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു വിവാഹമില്ലെന്ന് കീർത്തി തന്നെ പിന്നീട് പറഞ്ഞിരുന്നു. കൊവിഡ് 19 പോലെ വലിയൊരു മഹാമാരിയോട് നമ്മൾ പോരാടുന്ന ഈ സമയത്ത് ഈ ഗോസിപ്പുകൾക്ക് പ്രധാന്യം കൊടുക്കേണ്ടതില്ലെന്നും ഒരു അഭിമുഖത്തിൽ കീർത്തി പറഞ്ഞിരുന്നു.
വീണ്ടും സമാനമായി വിവാഹ വാർത്ത പ്രചരിക്കാൻ തുടങ്ങിയതിന് പിന്നിലും ഒരു കാരണമുണ്ട്. നിലവിൽ കീർത്തി സുരേഷ് പുതിയ സിനിമകളൊന്നും ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതിന് കാരണമായി ചിലർ കണ്ടെത്തിയത് കീർത്തി വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലായത് കൊണ്ടാണെന്നും ഉടൻ തന്നെ വിവാഹമുണ്ടെന്നുമാണ്. അതേ സമയം കീർത്തിയോ നടിയുടെ കുടുംബമോ ഇക്കാര്യത്തെ കുറിച്ചൊന്നും വെളിപ്പെടുത്തിയിട്ടില്ല. മിസ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് കീർത്തിയുടേതായി വരാനിരിക്കുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. അതിനൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെ മലയാളത്തിലും കീർത്തി എത്തുന്നുണ്ട്. ബോളിവുഡിലും നായികയാവാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി. ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലഘട്ടം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ ബോളിവുഡ് അരങ്ങേറ്റം.