മുടപുരം: അഞ്ചുതെങ്ങിൽ രോഗവ്യാപനവും മരണങ്ങളും കൂടി വരുന്ന സാഹചര്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ആറ് കേന്ദ്രങ്ങളിൽ കൊവിഡ് പരിശോധന നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
ഇതിനായി ഐ.എം.എയുടെ വർക്കല യൂണിറ്റിന്റെ സഹായം കൂടി ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ ഭവനം പദ്ധതിയിലെ വോളണ്ടിയർമാർക്കും ഇതിനായി പരിശീലനം നൽകി. ഇന്ന് 1,4 വാർഡുകളിലുള്ളവർക്ക് കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളും എട്ടാം വാർഡിലുള്ളവർക്ക് പൂത്തുറ സെന്റ് ജോസഫ് ക്ലൂണി സ്കൂളിലും 7, 9, 10 വാർഡുകളിലുള്ളവർക്ക് അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പിലും വാർഡ് 11, 12ൽ ഉള്ളവർക്ക് അഞ്ചുതെങ്ങ് ജംഗ്ഷനിലെ ബി.ബി ജി.എൽ.പി.സ്കൂളിലും വാർഡ് 13, 14 ൽ ഉള്ളവർക്കായി മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിലും വച്ചാണ് പരിശോധന.
7ന് രണ്ടാം വാർഡിൽ ഉള്ളവർക്കായി നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്ര ഹാളിലും മൂന്നാം വാർഡിലുള്ളവർക്കായി കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിലും അഞ്ചാം വാർഡിലുള്ളവർക്കായി മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിലും ആറാം വാർഡിലുള്ളവർക്കായി അഞ്ചുതെങ്ങ് പൊന്നൻ വിളാകം അങ്കണവാടിയിലും വച്ചാണ് കൊവിഡ് പരിശോധന നടത്തുന്നത്. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ആറ് ടീമുകളുണ്ടാവും.
ഇന്നലെ അഞ്ചുതെങ്ങിൽ 49 പേരെ പരിശോധിച്ചതിൽ 16 പേർക്കു കൂടി രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 45 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. നെടുങ്ങണ്ട കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഇന്നലെ19 പേർ രോഗമുക്തരായി.