വിതുര : മരുതാമല അടിപറമ്പ് റാണി ഭവനിൽ നിന്ന് 25പവനും പണവും മോഷ്ടിച്ചകേസിൽ ആര്യനാട് ഉഴമലയ്ക്കൽ കുളപ്പട വാലുക്കോണം സുഭദ്ര ഭവനിൽ രാജേഷിനെ (32)വിതുര പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് ഒന്നിനാണ് സംഭവം. ജോസും ഭാര്യ കവിതയും പകൽ പുറത്തു പോയി മടങ്ങി വന്നപ്പോൾ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് വിതുര പൊലീസ് ഭാര്യയെയും ഭർത്താവിനെയും ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയിരുന്നു. പിറ്റേദിവസം, മോഷണം പോയതിൽ കുറച്ച് സ്വർണം വീട്ടിൽ കണ്ടെത്തിയതായി സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഭാര്യയെയും ഭർത്താവിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണം കെട്ടുകഥയാണെന്ന് ബോദ്ധ്യമായത്.
വീട്ടമ്മ ഫോൺവഴി ചങ്ങാത്തംകൂടിയ രാജേഷ് ആണ് കഥാനായകൻ. പുറത്തു പോകുന്നസമയം വീട്ടമ്മ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. ഭർത്താവിന്റെ ബന്ധു സൂക്ഷിച്ചു വയ്ക്കാൻ ഏൽപ്പിച്ച സ്വർണമായിരുന്നു. ഫോൺ വഴിയുള്ള പരിചയം വളർന്നപ്പോൾ വീട്ടമ്മയോട് രാജേഷ് പണം ആവശ്യപ്പെട്ടുതുടങ്ങി. പലപ്പോഴും വീട്ടമ്മ ഭർത്താവ് അറിയാതെ പണം നൽകിയിരുന്നു. ഒടുവിൽ കാർ വാങ്ങാൻ പണം ആവശ്യപ്പെട്ടു. കൊടുക്കാതെവന്ന പ്പോൾ തമ്മിലുള്ള ബന്ധം ഭർത്താവിനോട് പറയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെയും പണത്തിന്റെയും കഥ വീട്ടമ്മ സുഹൃത്തിനോട് പറഞ്ഞത്. മോഷണം നടത്തിയ സ്വർണം വിതുര, തൊളിക്കോട്, ആര്യനാട് എന്നിവിടങ്ങളിലെ ബാങ്കുകളിൽ പണയം വച്ച് രാജേഷ് സ്കോർപിയോ കാർ വാങ്ങിയിരുന്നു. വീട്ടമ്മയുടെ പക്കൽ നിന്നു വാങ്ങിയ നമ്പർ ട്രേസ് ചെയ്താണ് പ്രതിയെ പിടികൂടിയത്. കാറിൽ കറങ്ങിനടന്ന രാജേഷിനെ വിതുര സി. ഐ. എസ്. ശ്രീജിത്ത്, എസ്.ഐ. എസ്.എൽ. സുധീഷ്, സി.പി.ഒ മാരായ നിതിൻ, ശരത്, ഷിജുറോബർട്ട് എന്നിവരാണ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. വീട്ടമ്മയുടെ പേരിലും കേസുണ്ട്.