തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 971 പേർ സമ്പർക്ക രോഗികളാണ്. 79 പേരുടെ ഉറവിടം അറിയില്ല. അതേസമയം 1234 പേർ രോഗമുക്തരായി.ഏഴ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ചോമ്പോല പുരുഷോത്തമൻ (66), ഫറൂക്ക് പ്രഭാകരൻ( 73), കക്കാട്ട് മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിയം അബ്ദുൽ സലാം (58), കണ്ണൂർ ഇരിക്കൂർ യശോധ (59), കാസർകോട് ഉടുമ്പത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (83) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 94 ആയി. പ്രതിദിന രോഗവ്യാപനനിരക്കിൽ കാര്യമായകുറവുണ്ടായിട്ടില്ലെങ്കിലും രോഗമുക്തിനേടുന്നവരുടെ എണ്ണം കൂടുന്നത് ഗുണകരമായ മാറ്റമായാണ് വിലയിരുത്തുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് ഇന്നലെ 274 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം (167), കാസർകോട് (128),എറണാകുളം (120), ആലപ്പുഴ (108) എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം നൂറ് കടന്നു.