കള്ളിക്കാട്:കൊവിഡ് പരിശോധനാ ഫലങ്ങളിൽ കൂടുതലും നെഗറ്റീവ് ആയതോടെ പഞ്ചായത്തുകൾക്ക് ആശ്വാസമായി.കള്ളിക്കാട് പഞ്ചായത്തിൽ 37 പേർക്ക് പരിശോധന നടത്തിയതിൽ നെയ്യാർഡാം സ്വദേശികളായ മൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവായി. ഇതോടെ പഞ്ചായത്തിൽ രോഗികളുടെ എണ്ണം 92ആയി.കാട്ടാക്കട പഞ്ചായത്തിൽ 30പേരെ പരിശോധിച്ചതിൽ ആമച്ചൽ സ്വദേശിയായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തിൽ ആകെ 67പേർക്ക് രോഗബാധ കണ്ടെത്തി.31പേർ രഗമുക്തി നേടിയപ്പോൾ 36 പേർ ചികിത്സയിലാണ്.പൂവച്ചൽ പഞ്ചായത്തിൽ രണ്ടാംദിവസവും ആശ്വാസമാണ്.ഇന്നലെ 53പേരെ പരിശോധിച്ചതിൽ എല്ലാവരും നെഗറ്റീവായി.രണ്ട് ദിവസങ്ങളായി പഞ്ചായത്തിൽ പരിശോധനാ ഫലം നെഗറ്റീവാണ്.വെള്ളനാട് പഞ്ചായത്തിൽ പുനലാൽ സ്വദേശിനിയായ ഏഴുവയസുള്ള കുട്ടിയ്ക്ക് കൊവിഡ് പോസിറ്റീവായി.കുട്ടിയുടെ അമ്മ നെയ്യാർഡാം കെ.ടി.ഡി.സി ജീവനക്കാരിയ്ക്ക് രണ്ട് ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ആര്യനാട് പഞ്ചായത്തിൽ രണ്ട് പേർക്ക് ഇന്നലെ കോവിഡ് പോസിറ്റീവായി.ആര്യനാട് ഗണപതിയാംകുഴി സ്വദേശികളായ 78കാരനായ വൃദ്ധനും,സമീപവാസിയായ 45കാരനുമാണ് ആര്യനാട് ആശുപത്രിയിൽ നടന്ന പരിശോധനയിൽ പോസിറ്റീവായത്.78കാരന്റെ മകന് രണ്ട് ദിവസം മുൻപ് കൊവിഡ് പോസിറ്റീവായിരുന്നു.ഈ പ്രദേശത്ത് ഒരു വീട്ടിലെ നാല് പേർക്കും സമീപ വാസികളായ രണ്ട് പേർക്കും ഉൾപ്പെടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു.