pinaryi-

തിരുവനന്തപുരം: പൊലീസുകാർക്ക് അധികാരമില്ലെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തടയാൻ പൊലീസ് അവരുടെ അധികാരം ഉപയോഗിക്കുക തന്നെ ചെയ്യും. അത് ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കൂടി ലക്ഷ്യമിട്ടാണ്. ഐ.എം.എ പോലുള്ള സംഘടനകൾ തുടക്കത്തിൽ എതിർപ്പറിയിച്ചത് തെറ്റിദ്ധാരണ കൊണ്ടാണ്.

കൊവിഡ് സമൂഹവ്യാപനമായോ ഇല്ലയോയെന്ന് തർക്കിക്കേണ്ട സന്ദർഭമല്ലിത്. വസ്തുതകൾ മനസിലാക്കി കർശന നടപടി സ്വീകരിക്കലാണ് പ്രധാനം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നത് ആളുകൾ തമ്മിലെ സമ്പർക്കം കൊണ്ടുതന്നെയാണ്. ഉറവിടമറിയാത്ത രോഗികൾ കൂടുന്നതും സമ്പർക്കം കാരണമാണ്. ഇത് കണ്ടുകൊണ്ടാണ് കൂടുതൽ കടുത്ത നടപടികളിലേക്കിപ്പോൾ നീങ്ങുന്നത്.ആളുകൾ കൂടി നിൽക്കുന്നതിന് ഇപ്പോഴും മടിക്കുന്നില്ല. കടകളിലും മറ്റും ആളുകൾ കയറുന്നതിന് നിശ്ചിത എണ്ണം എന്ന നിബന്ധന കർശനമാക്കും. കടയുടെ വിസ്തീർണ്ണത്തിനനുസരിച്ച് അത് നിശ്ചയിക്കും. ഇക്കാര്യങ്ങൾ കൃത്യമായി ഇനി പൊലീസ് നോക്കിക്കോളും. ഇങ്ങനെയുള്ള തീരുമാനങ്ങൾ നടപ്പാക്കുകയേ രോഗവ്യാപനം തടയാൻ മാർഗമായുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.