തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഏറെ സംശയങ്ങളുണ്ടെന്നും, താൻ സംശയിച്ചിരുന്ന ചിലർ വിമാനത്താവളത്തിലെ സ്വർണക്കടത്തിലും പ്രതികളായതോടെ ദുരൂഹത വർദ്ധിച്ചതായും പിതാവ് സി.കെ. ഉണ്ണി സി.ബി.ഐയ്ക്ക് മൊഴിനൽകി.
ബാലു അറിഞ്ഞുകൊണ്ട് സ്വർണക്കടത്ത് നടത്തില്ല. അറിയാതെ നടന്നിട്ടുണ്ടാവാം. വിവരമറിഞ്ഞ് അവരുമായി സഹകരിക്കാതിരുന്നെങ്കിൽ അപായപ്പെടുത്തിയതാവാമെന്ന് മൊഴിയെടുക്കാനെത്തിയ എസ്.പി നന്ദകുമാർ നായർ, ഡിവൈ.എസ്.പി ടി.പി.അനന്തകൃഷ്‌ണൻ എന്നിവരോട് അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് പത്ത് വർഷമായി സാമ്പത്തിക ഇടപകളുണ്ടായിരുന്നു. അപകടത്തിൽ അവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. ആയുർവേദ ആശുപത്രിക്കാരുടെ ബന്ധുവായ ഡ്രൈവർ അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ക്ഷേത്രദർശനത്തിനു ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലു തൃശൂരിൽ നിന്ന്
തിരുവനന്തപുരത്തേക്ക് എന്തിനാണ് തിടുക്കത്തിൽ യാത്ര തിരിച്ചതെന്നും അന്വേഷിക്കണം.
ദീർഘദൂര യാത്രയിൽ ബാലഭാസ്കർ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചതു ഡ്രൈവർ അർജുൻ തന്നെയാണെന്നും ബാലുവിന്റെ ഭാര്യ ആവർത്തിച്ചു. കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അർജ്ജുൻ, കൊല്ലം മുതൽ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു.. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നുകഴിയുകയായിരുന്നു. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവർ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്.
'ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല. ഇങ്ങനെയൊരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. അവനെ ഞങ്ങൾക്ക് കിട്ടുമായിരുന്നു. സത്യം കണ്ടെത്തണം '- സിബിഐ സംഘത്തോട് ഉണ്ണി പറഞ്ഞു.