തിരുവനന്തപുരം: ബാബ്റി മസ്ജിദ് ആദ്യം പ്രത്യേക വിഭാഗത്തിന് ആരാധനയ്ക്ക് തുറന്ന് കൊടുത്തതിന്റെയും, കർസേവയും ശിലാന്യാസും അനുവദിച്ചതിന്റെയും സ്വാഭാവിക പരിണതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാം ചെയ്തത് കോൺഗ്രസാണ്. മതനിരപേക്ഷതയിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. ഇതിലെ കോൺഗ്രസിനൊപ്പം നടന്ന ചരിത്രമാണ് മുസ്ലിംലീഗിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാമക്ഷേത്ര വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും പ്രതികരണത്തിൽ പുതുതായി ഒന്നുമില്ല. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് നമുക്കറിയാവുന്നതാണ്. രാജീവ് ഗാന്ധിയും നരസിംഹറാവുവുമൊക്കെ കൈക്കൊണ്ട നിലപാടുകൾ ചരിത്രത്തിന്റെ ഭാഗമാണ്. എക്കാലവും മൃദു ഹിന്ദുത്വ നിലപാടായിരുന്നു കോൺഗ്രസിന്. ബാബ്റി മസ്ജിദിൽ ആരാധനയും,ക്ഷേത്രത്തിന് ശിലാന്യാസും, മണ്ഡപമാകാൻ പാകത്തിൽ കർസേവയും അനുവദിച്ചത് കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ്. ബാബ്റി മസ്ജിദ് തകർക്കാൻ സംഘപരിവാറുകാർ ചീറിപ്പാഞ്ഞ് ചെന്നപ്പോൾ കണ്ണടച്ച് നിസ്സംഗത പാലിച്ചത് കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സർക്കാരാണ്. അയോദ്ധ്യ വിഷയത്തിൽ സി.പി.എം നിലപാട് പോളിറ്റ്ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രോഗികൾ 19 ലക്ഷം കവിഞ്ഞു. അതെങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കേണ്ടത്. രോഗവ്യാപനത്തെ തുടർന്ന് ദാരിദ്ര്യത്തിൽ അലയുന്ന മനുഷ്യർക്ക് സാന്ത്വനമേകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. പ്രവാസികൾക്കായി 50 കോടി അനുവദിച്ചു. മഹാമാരിയുടെ കാലത്ത് അത്തരം കാര്യങ്ങൾ ആലോചിക്കണം. മറ്റേത് നമുക്ക് പിന്നീട് ആലോചിക്കാം- മുഖ്യമന്ത്രി പറഞ്ഞു.