പാറശാല: കൊല്ലയിൽ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പങ്കെടുത്ത എം.എൽ.എ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിൽ പ്രവേശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി വീഡിയോ കോൺഫെറൻസിലൂടെ ഉദ്ഘാടനം ചെയ്ത102 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയവയിൽ കൊല്ലയിൽ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രവും ഉൾപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി എന്നിവരെ സ്വീകരിച്ച ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബാങ്ക് മാനേജർ കൂടിയായ ഭർത്താവിൽ നിന്നാണ് ഡോക്ടർക്ക് കൊവിഡ് പകർന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുമായി അടുത്ത ഇടപഴകിയവരായരും ചടങ്ങിൽ പങ്കെടുത്തവരും നിരീക്ഷണത്തിലുണ്ട്.പഞ്ചായത്ത് പ്രസിഡന്റ്,വൈ.ലേഖ,മറ്റ് രണ്ട് ഡോക്ടർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിൽ എത്തി ചികിത്സ തേടിയ രോഗികളോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും പഞ്ചായത്തിൽ ഉടനീളം മൈക്ക് വിളംബരം നടത്തി. കേന്ദ്രത്തിൽ അണുനശീകരവും നടത്തിയതിനെ തുടർന്ന് ഡോക്ടറുമായി ഇടപഴകാത്ത മറ്റ് സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം തുടരാനാണ് അധികൃതരുടെ തീരുമാനം.