chala

തിരുവനന്തപുരം:ദീർഘനാളത്തെ അടച്ചിടലിനു ശേഷം ചാല കമ്പോളം തുറന്നു പ്രവർത്തിക്കാൻ ധാരണയായി. രണ്ടു ഷിഫ്റ്റുകളായാണ് തുറക്കുന്നത്. രാത്രി 11 മുതൽ രാവിലെ 11വരെ പച്ചക്കറി മാർക്കറ്റും കൊത്തുവാൾ തെരുവ്, സഭാവതി കോവിൽ തെരുവ് എന്നിവിടങ്ങളിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മേഖലയിലെ മറ്റു കടകൾക്ക് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാമെന്നും ധാരണയായി. പൂക്കടകൾ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7വരെയും തുറക്കാം. അനിശ്ചിതമായി കമ്പോളം അടച്ചിടുന്നതിൽ വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ചയിലൂടെ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘടനാ നേതാക്കൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ആർ.പ്രതാപൻ നായർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ധാരണയായത്. ഒൗദ്യോഗിക തീരുമാനം കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിക്കും. ഈ ക്രമീകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് കൂടുതൽ ഇളവുകൾ നൽകും. എല്ലാ വ്യാപാരികളും പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.