തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അഗം എ.കെ.ആന്റണി പറഞ്ഞു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്റെ ഒന്നാംഘട്ടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വ്യാപനത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതുമായ സ്വർണക്കള്ളക്കടത്ത് ഞെട്ടിക്കുന്നതാണ്. സംസ്ഥാന സർക്കാർ പി.എസ്.സിയുടെ വിശ്വാസ്യത തകർത്തു. ഇതിനെതിരെയുള്ള കോൺഗ്രസിന്റെ സമരം സംസ്ഥാന സർക്കാരിനുള്ള താക്കീതാണെന്നും ആന്റണി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളടെ ചുമതല പോലീസിനെ ഏൽപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രബിന്ദുവായ സ്വർണക്കള്ളക്കടത്ത് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടാക്കിയുട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കള്ളനും കൊള്ളക്കാർക്കും സംരക്ഷണം നൽകുന്ന പൊലീസാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ട്രഷറി തട്ടിപ്പ് കേസിൽ ധനകാര്യമന്ത്രിയേയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുവാക്കളെ വഞ്ചിച്ച് പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത മുഖ്യമന്ത്രിയ്ക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എം.പിമാരായ കെ.സുധാകരൻ,കൊടിക്കുന്നിൽ സുരേഷ്,കെ.മുരളീധരൻ, ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.