nia

തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ നാല് പ്രതികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. സ്വർണം കടത്താനുള്ള ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നിവരെയാണ് തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുത്തത്. മുഖ്യമന്ത്റിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയും താമസിച്ചിരുന്ന സെക്രട്ടേറിയ​റ്റിനു സമീപത്തെ ഹെദർ ഫ്ളാ​റ്റിലാണ് പ്രതികളെ ആദ്യം എത്തിച്ചത്. ഈ ഫ്ളാ​റ്റിൽ എത്തിയിരുന്നതായും റമീസിനും സന്ദീപിനും സ്വപ്നയക്കും സരിത്തിനുമൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായതായി ജലാൽ സമ്മതിച്ചു. പിന്നീട് ഫ്ലാറ്റിനടുത്തെ ഹോട്ടലിലും കോവളത്തെ മറ്റൊരു ഹോട്ടലിലും സന്ദീപിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. പേരൂർക്കട പൊലീസ് ക്ലബിൽ എത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്തു. നയതന്ത്റ ബാഗേജ് വഴി സ്വർണമെത്തിയപ്പോൾ പ്രധാന പ്രതികളിലൊരാളായ റമീസിനൊപ്പം ജലാലും തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായാണു മൊഴി. രണ്ട് ദിവസം സെക്രട്ടേറിയ​റ്റിന് സമീപത്തെ ഹോട്ടലിൽ താമസിച്ചിരുന്നു. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാ​റ്റിലെത്തി ഗൂഢാലോചന നടത്തിയതായും ഇയാൾ സമ്മതിച്ചു.