തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയ കേസിൽ സസ്പെൻഷനിലായ സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ, അന്വേഷണം നടക്കുന്നതിനിടെ സർവീസിൽ നിന്ന് പിരിച്ച് വിട്ടത് പ്രതിക്ക് ഗുണമാവുമോയെന്ന ആശങ്ക ഉയരുന്നു.
തന്നോട് വിശദീകരണം ചോദിച്ചില്ലെന്നും സ്വാഭാവിക നീതി നിഷേധിച്ചെന്നും വാദിച്ച് പ്രതിക്ക് കോടതിയെ സമീപിക്കാം. സാധാരണ ഗതിയിൽ ,സർവീസ് ചട്ടങ്ങൾ പ്രകാരമാണ് സർക്കാർ ജീവനക്കാരുടെ പിരിച്ചു വിടൽ.
ട്രഷറി വെട്ടിപ്പ് ഗുരുതരമായ കുറ്റമായതിനാൽ ഭരണഘടനയുടെ 310, 311 വകുപ്പുകൾ പ്രകാരമാണ് ബിജുലാലിനെ പിരിച്ചു വിട്ടത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരവും, നിയമനത്തിന് ശുപാർശ ചെയ്ത പി.എസ്.സിയുടെ അനുവാദവും വേണം. നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാൻ നേരത്തേ കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില കേസുകളിൽ സർക്കാർ നടപടി ശരിവച്ചിട്ടുമുണ്ട്.
ബിജുലാലിനെ സസ്പെൻഡ് ചെയ്ത ശേഷം , വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോർട്ട് നൽകാൻ അഞ്ചു ദിവസത്തെ സമയം നൽകുകയും ചെയ്തതിനിടെ തിടുക്കത്തിൽ പിരിച്ചു വിട്ടതാണ് പ്രശ്നം.