തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്ന വിഷയം ഇന്നലെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നില്ല.
കോളേജുകളിൽ നടപ്പാക്കിയത് പോലെ ഹയർസെക്കൻഡറി സ്കൂളുകളിലും സാമ്പത്തിക സംവരണം വേണമെന്ന നിർദ്ദേശമാണുള്ളതെങ്കിലും ഇക്കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സർക്കാർ കോളേജുകളിലെ സംവരണ മാതൃക സർക്കാർ സ്കൂളുകളിലും എയ്ഡഡ് കോളേജുകളിലെ മാതൃക എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കാനുള്ള നിർദ്ദേശമാണുള്ളത്.
സഹ.വകുപ്പിൽ 75
ഓഡിറ്റർ തസ്തിക
സ്ഥിരമാക്കും
തിരുവനന്തപുരം: സഹകരണ വകുപ്പിൽ 1986 മുതൽ താൽക്കാലികാടിസ്ഥാനത്തിൽ തുടർന്നു വരുന്ന കുടിശ്ശിക നിവാരണ ഓഡിറ്റർമാരുടെ 75 തസ്തികകൾ ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.കഴിഞ്ഞ ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്..ഇനി ഇവയിലേക്ക് സ്ഥിരം നിയമനം നടത്താം.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഡയറക്ടർ തസ്തിക സൃഷ്ടിക്കും. സെന്റർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് ആൻഡ് ഡയഗണോസ്റ്റിക്സ് മുൻ ഡയറക്ടർ (ഹൈദരാബാദ്) ഡോ. ദേബാഷിശ് മിത്രയെ പുനർനിയമന വ്യവസ്ഥയിൽ നിയമിക്കും.
മടങ്ങിയെത്തിയ പ്രവാസികൾക്ക്
5,000 രൂപ വീതം
തിരുവനന്തപുരം: കൊവിഡ്-19നെ തുടർന്ന് മടങ്ങിയെത്തിയതും തിരികെപ്പോകാൻ കഴിയാത്തതുമായ പ്രവാസികൾക്ക് 5,000 രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50 കോടി രൂപ ഇതിനായി നോർക്കാ റൂട്ട്സിന് അനുവദിച്ചു. നേരത്തേ നൽകിയ 8.5 കോടി രൂപയ്ക്ക് പുറമേയാണിത്.