പോത്തൻകോട്: ഏറെ പ്രചാരം നേടിയ തുമ്പൂർമുഴി മോഡൽ ഒഴിവാക്കി തൃശൂരിലെ കുന്നംകുളം മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതിയുമായി മുന്നോട്ടുപോയ പോത്തൻകോട് ഗ്രാമപഞ്ചായത്ത്, ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താതെ ഒളിച്ചുകളിക്കുന്നതായി നാട്ടുകാരുടെ ആരോപണം. പോത്തൻകോട് മാർക്കറ്റിനുള്ളിൽ ജൈവ - അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ രണ്ട് പ്ലാന്റുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.
കേരള ശുചിത്വ മിഷന്റെ പത്തു ലക്ഷം ഉപയോഗിച്ചുള്ള ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷമായി. പാലക്കാട്ടെ ഐ.ആർ.ടി.സി കമ്പനിയാണ് ജൈവ പ്ലാന്റ് സ്ഥാപിക്കാൻ കരാറെടുത്തത്. യന്ത്രസാമഗ്രികൾ സ്ഥാപിച്ച്, ജൈവ മാലിന്യ സംസ്‌കരണത്തിന് വനിതകൾക്ക് പരിശീലനം നൽകുകയും പഞ്ചായത്ത് പരിധിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ വാഹനം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷമായിട്ടും ഇതുവരെയും ഉദ്ഘാടനം നടത്തിയിട്ടില്ല. അജൈവ പ്ലാന്റിന്റെ നിർമ്മാണം പൂർത്തികരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം നടത്താനായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സമരവുമായി രംഗത്തെത്തിയിരുന്നു. അജൈവ മാലിന്യ പ്ലാന്റ് കെട്ടിടത്തിനായി 4 ലക്ഷവും വിശ്രമ മുറിയ്ക്കും ടോയ്ലെറ്റിനുമായി 6 ലക്ഷവും അനുവദിച്ചിരുന്നു. അജൈവ ഖരമാലിന്യം പൊടിക്കുന്നതിനുള്ള യന്ത്രം വാങ്ങാൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നൽകിയ 12 ലക്ഷം ഗ്രാമപഞ്ചായത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ ലാപ്സായി. അതേസമയം പഞ്ചായത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ വീടുകളിലെത്തി ശേഖരിക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്തംഗം എം. ബാലമുരളി പറഞ്ഞു. എത്രയും പെട്ടെന്ന് പ്ലാന്റ് പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തുമ്പൂർമൂഴിയെ തഴഞ്ഞു
കേരള വെറ്ററിനറി സർവകലാശാലയും കാർഷിക സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കരണ സാങ്കേതിക വിദ്യയായ തുമ്പൂർമൂഴി മോഡൽ പോത്തൻകോടിന് ഏറെ യോജിച്ചതായിരുന്നു ചുരുങ്ങിയ സ്ഥലത്ത് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനത്തിന് ചെലവും കുറവായിരുന്നു. ഈ മോഡൽ ഉപേക്ഷിച്ചതിന് പിന്നിൽ വൻ അഴിമതിയുള്ളതായി തുടക്കത്തിൽ തന്നെ ആരോപണമുയർന്നിരുന്നു.
യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിച്ചു
മാലിന്യത്താൽ പൊറുതിമുട്ടി നാട്ടുകാർ
ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം ലാപ്സായി
ആകെ ചെലവ് - 20 ലക്ഷം രൂപ
പ്രതികരണം
ജൈവ മാലിന്യ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ തുക വിനിയോഗിച്ചാൽ ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിലെ മാലിന്യം കൂടി ഇവിടെ സംസ്കരിക്കേണ്ടി വരുമെന്ന തർക്കമാണ് അനുവദിച്ച തുക ലാപ്‌സാകാൻ കാരണം. തർക്കങ്ങൾ ഒഴിവാക്കി പ്ലാന്റ് ഉടൻ പ്രവർത്തിപ്പിക്കാനാകും.
വേണുഗോപാലൻ നായർ, പ്രസിഡന്റ്
പോത്തൻകോട് ഗ്രാമപഞ്ചായത്ത്
രണ്ടു വർഷം മുമ്പാണ് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടായതിനാൽ ബ്ലോക്കിന് കീഴിലെ അഞ്ചു പഞ്ചായത്തുകളിലെയും ഖരമാലിന്യം പോത്തൻകോട്ടെ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കേണ്ടി വരും. ഇത് അംഗീകരിക്കാൻ പോത്തൻകോട് പഞ്ചായത്ത് തയ്യാറാകാത്തതാണ് ഫണ്ട് ലാപ്‌സാകാൻ കാരണം. 16 ലക്ഷം രൂപയുടെ പുതിയ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്.
ഷാനിബ ബീഗം, പ്രസിഡന്റ്
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്