കോവളം: തിരുവല്ലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ ആറ് സ്ത്രീകൾക്ക് കൊവിഡ് സ്ഥിരികരിച്ചു. 94 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. നഗരസഭയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി, നേരത്തെ രോഗം സ്ഥിരികരിച്ച ഓട്ടോറിക്ഷ ഡ്രൈവർ എന്നിവരുമായി സമ്പർക്കത്തിലുള്ളവരാണ് ഇവർ. കോളിയൂർ സ്വദേശിയാണ് നഗരസഭാ ജീവനക്കാരി. ഇവരുമായി 45 ഓളം പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരുടെയും പരിശോധന അടിയന്തരമായി നടത്തുമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണാക്കിയ വിഴിഞ്ഞം കോട്ടപുറം വാർഡിൽ 63 പേരെ പരിശോധിച്ചു.14 പേർക്ക് കൊവിഡ് പോസിറ്റീവായി.
അടുത്ത ദിവസങ്ങളിലും പരിശോധനയുണ്ടാവും. അടിമലത്തുറയിലെ പ്രദേശവാസികളായ 28 പേരും വിഴിഞ്ഞമടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തിയ നാലുപേരുമടക്കം 32 പേർക്ക് പരിശോധന നടത്തി. ഇവരിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അടിമലത്തുറ നിവാസികളായ 28 പേരും നെഗറ്റീവായി. വിഴിഞ്ഞത്ത് നിന്നെത്തിയാൾക്ക് മാത്രമാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. പൂന്തുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ 48 പേരെയും പരിശോധിച്ചു. അഞ്ച് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്