bank

കഴക്കൂട്ടം: സമ്പൂർണ അടച്ചിടലിന്റെ എല്ലാ നിയന്ത്റണങ്ങളും തെ​റ്റിച്ച് പെരുമാതുറയിൽ പെൻഷൻ വാങ്ങാൻ ജനം ബാങ്കുകളുടെ മുൻപിൽ തടിച്ച് കൂടിയത് ആശങ്കയ്ക്കിടയാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽകുന്ന തീരദേശ മേഖലയായ പെരുമാതുറയിലും പുതുക്കുറിച്ചിയിലും ഇന്നലെ രാവിലെ ക്ഷേമ പെൻഷൻ തുക പിൻവലിക്കുന്നതിനായി നൂറു കണക്കിന് ആളുകളാണ് ബാങ്ക് ശാഖകൾക്ക് മുന്നിൽ തടിച്ചു കൂടിയത്. വയോധികർക്കുള്ള പെൻഷനും വിധവാ പെൻഷനും ഭിന്നശേഷിക്കാർക്കുള്ള പെൻഷനും വാങ്ങുന്നവരെല്ലാം കൂട്ടമായി എത്തുകയായിരുന്നു. രാവിലെ 9 മണിയോടെ തന്നെ ബാങ്ക് ശാഖകൾക്ക് മുന്നിൽ മുതിർന്ന പൗരന്മാർ ഉൾപ്പെടെ തടിച്ച് കൂടുകയായിരുന്നു. പ്രദേശത്ത് നിരവധി പേർക്ക് കൊവിഡ് ബാധിച്ചത് കാരണമാണ് നിയന്ത്റണങ്ങൾ ഏർപ്പെടുത്തിയത്. ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പൊലീസെത്തി തിരക്ക് നിയന്ത്റിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ടോക്കൺ നൽകി ഒരു പരിധിവരെ തിരക്ക് ഒഴിവാക്കുകയായിരുന്നു.