തിരുവനന്തപുരം:നഗരത്തിലെ ലോക്ക് ഡൗൺ ഇന്നവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ നഗരവാസികൾ. അടുത്ത ദിവസങ്ങളിൽ രോഗവ്യാപനത്തെക്കാളും രോഗമുക്തി നിരക്ക് ഉയർന്നതോടെ നഗരത്തിൽ ലോക്ക് ഡൗൺ പിൻവലിക്കന്നതടക്കമുള്ള കാര്യങ്ങൾ അധികൃതരുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 838പേരാണ് രോഗമുക്തരായത്. ഇതിൽ ഏറിയ പങ്കും നഗരവാസികളാണെന്നതാണ് നേരിയ ആശ്വാസം. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തീരദേശ മേഖലകളിലും കൂടുതൽ ഇളവുകൾ നൽകാൻ സാദ്ധ്യതയുണ്ട്. ട്രോളിംഗ് നിരോധനം കഴിഞ്ഞ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് 7മുതൽ അനുമതിയും നൽകിയിട്ടുണ്ട്. ഇതിന് പുറമെ കടകൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കും. ഇപ്പോൾ രാവിലെ 7 മുതൽ വെെകിട്ട് 7വരെയാണ് നഗരത്തിലെ കടകളുടെ പ്രവർത്തനസമയം.ഹോട്ടലുകൾക്ക് പാഴ്സൽ വിതരണത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും 50ശതമാനം ഹോട്ടലുകളും നഷ്ടം പേടിച്ച് തുറന്നിട്ടില്ല. ഇരുന്ന് കഴിക്കാനുള്ള സൗകര്യം നൽകണമെന്ന് അസോസിയേഷനുകളും മാളുകളടക്കമുള്ളവയ്ക്ക് മാനദണ്ഡങ്ങളോടെ ഇളവനുവദിക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലായ് ആറിന് തുടങ്ങിയ നിയന്ത്രണങ്ങൾ

തലസ്ഥാനനഗരത്തിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് ജൂലായ് ആറു മുതൽ ഒരാഴ്ചത്തേക്ക് കോർപറേഷനിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 27 പേർക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കരോഗികൾ 22 പേരായിരുന്നു. രോഗം പടർന്നുകയറിയതോടെയായിരുന്നു സമ്പൂർണ അടച്ചിടൽ അഞ്ചാം തീയതി രാത്രി പ്രഖ്യാപിച്ചത്. കടകളിൽ പോകാനും പൊലീസിന്റെ അനുമതി വേണമെന്നായിരുന്നു ആദ്യനിർദേശം. എതിർപ്പുകൾ ഉയർന്നതോടെ ഓരോദിവസവും നിശ്ചിതസമയം കടകൾ തുറക്കാൻ അനുമതി നൽകി.രോഗികളുടെ എണ്ണം 63 ആയി വർദ്ധിച്ചതോടെ ജൂലായ് 13 മുതൽ ഒരാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടി. അവശ്യസർവീസുകൾക്ക് അനുമതി, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരാകാം തുടങ്ങിയ ഒട്ടേറെ ഇളവുകളോടെയായിരുന്നു ലോക്ക് ഡൗൺ നീട്ടിയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെ ശക്തമായ കർഫ്യൂവും ഏർപ്പെടുത്തി. ജൂലായ് 18ന് തീരപ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗണും ഏർപ്പെടുത്തുകയായിരുന്നു.