തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങൾ നടത്തി കൊവിഡ് പ്രതിരോധത്തെ തകർക്കാൻ കുത്തിത്തിരിപ്പ് നടത്തുന്നവർക്ക് സർക്കാരിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ ഭാരം അത് ചുമക്കുന്നവർ തന്നെ പേറേണ്ടിവരും. പൊലീസ് രാജിലേക്ക് നയിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയ നേട്ടത്തിനാണ്. ഒരുഭാഗത്ത് ആരോഗ്യപ്രവർത്തകരോട് അവഗണനയെന്ന് ആക്ഷേപം ഉന്നയിക്കുക, മറുഭാഗത്ത് പൊലീസ് സംവിധാനത്തിന്റെ ഇടപെടൽ മരവിപ്പിക്കുക. രണ്ടും നടന്നാൽ കൊവിഡ് അതിന്റെ വഴിക്ക് പടർന്നുപിടിക്കുമെന്ന് അറിയാത്തയാളാണോ പ്രതിപക്ഷ നേതാവ്? എന്തിനാണ് ഇത്തരമൊരു ഇരട്ടമുഖം സ്വീകരിക്കുന്നത്.
കൊവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുമ്പോഴും പറയുകയാണ് സർക്കാർ പരാജയപ്പെട്ടുവെന്ന്. സർക്കാരിനൊപ്പം കൊവിഡ് പ്രതിരോധയജ്ഞത്തിൽ പങ്കാളികളാകുന്ന ഇന്നാട്ടിലെ ജനങ്ങളോടാണിത് പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലുള്ളവർ മാത്രമാണോ പങ്കാളികളായിട്ടുള്ളത്?. പ്രതിരോധത്തിൽ പങ്കാളികളായി നിൽക്കുന്ന, തങ്ങൾക്ക് സ്വാധീനിക്കാൻ പറ്റുന്നയാളുകളെ അടർത്തിമാറ്റുക, അവരിൽ വല്ലാത്തൊരു സംശയമുണ്ടാക്കുക, ആ പ്രവർത്തനത്തിൽ സജീവമാകാതിരിക്കാൻ പ്രേരിപ്പിക്കുക. അതാണോ ഈ ഘട്ടത്തിൽ ചെയ്യേണ്ടത്?. വിമർശനങ്ങൾ തള്ളിക്കളയുന്ന സർക്കാരല്ലിത്. കേന്ദ്ര സർക്കാരും ആരോഗ്യവിദഗ്ദ്ധരും നമ്മുടെ വിദഗ്ദ്ധസമിതിയും നിർദ്ദേശിച്ചതനുസരിച്ച് കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർക്കും മറ്റു രോഗങ്ങൾ ഇല്ലാത്തവർക്കും വീട്ടിൽ ചികിത്സ നൽകാമെന്ന നിർദ്ദേശം കഴിഞ്ഞയാഴ്ച തത്വത്തിൽ അംഗീകരിച്ചിരുന്നു. ഇതിനെ ചിലർ വളച്ചൊടിച്ച് സംസ്ഥാനം ചികിത്സയിൽ നിന്നും പിന്മാറുന്നുവെന്നാണ് പറഞ്ഞത്. അതുപോലൊരു പ്രചാരണം ഇപ്പോൾ നടക്കുന്നതിനാലാണ്
കൂടുതൽ സഹായം നൽകാനുള്ള ചുമതല പൊലീസിനു നൽകിയത്. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം കെടുത്താൻ നോക്കുന്നവർ തളർത്തുന്നത് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങളെയാണ്. അപകടത്തിലാക്കുന്നത് സമൂഹത്തെ ഒന്നാകെയാണ്. ഇത്തരം പ്രചാരണങ്ങളിൽ ആരോഗ്യപ്രവർത്തകർ വീണുപോവാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം പൊലീസ് കുറയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുന്നതിനാണ് കൊവിഡ് പ്രതിരോധത്തിൽ പൊലീസിനെ കൂടുതൽ ചുമതലകൾ ഏൽപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ ജോലി പൊലീസിന് കൈമാറുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിരോധത്തിന്റെ എല്ലാ ഘട്ടത്തിലും ആരോഗ്യ പ്രവർത്തകരും പൊലീസുമുണ്ട്. എന്നാൽ തുടർച്ചയായ അദ്ധ്വാനവും വിശ്രമരാഹിത്യവും ആരോഗ്യ പ്രവർത്തകരിൽ ക്ഷീണമുണ്ടാക്കുന്നുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ ജോലിയല്ല പൊലീസ് ചെയ്യുന്നത്. തെറ്റിദ്ധാരണ പരത്തി എങ്ങനെയും രോഗവ്യാപനം വലിയ തോതിലാക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ട്. ഐ.എം.എ പോലുള്ള സംഘടനകൾ തുടക്കത്തിൽ എതിർപ്പറിയിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.