തിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിലെ മത്സ്യബന്ധനം സംബന്ധിച്ച് ജില്ലാകളക്ടർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ഫിഷറീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 600 യാനങ്ങൾക്കായിരിക്കും ഒരു ദിവസം കടലിൽ പോകാവുന്നതിനുള്ള അനുവാദം. കണ്ടെയ്ൻമെന്റ് സോണുകളിൽ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ഹാർബറിൽ നിന്ന് പാസുള്ള മൊത്തകച്ചവടക്കാർക്ക് കൈമാറണം. പ്രാദേശിക മത്സ്യകച്ചവടക്കാരെ അനുവദിക്കില്ല. ഹാർബറിൽ ചില്ലറ മത്സ്യവിൽപനയും വീടുകളിൽ കയറിയുള്ള മത്സ്യവിൽപനയും അനുവദിക്കില്ല. കൊവിഡ് ജാഗ്രത ഓൺലൈൻ പാസ് ലഭിച്ച മൊത്തക്കച്ചവടക്കാരുടെ വാഹനങ്ങൾ മാത്രമേ അനുവാദമുണ്ടാകൂ. മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മത്സ്യഫെഡ്
ജില്ലാ ഓഫീസർ, ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയിലെ അനൗദ്യോഗിക അംഗങ്ങൾ എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയായിരിക്കും. വിലവിവരപട്ടിക പ്രകാരം മാത്രമേ വിൽപന പാടുള്ളു. വിഴിഞ്ഞം ഹാർബറുമായി ബന്ധപ്പെട്ടുവരുന്ന പ്രദേശത്ത് ആഴ്ചയിൽ ചുവടെ നിശ്ചയിച്ച പ്രകാരമുള്ള ദിവസങ്ങളിൽ മത്സ്യബന്ധനം നടത്താം -

വിഴിഞ്ഞം (തിങ്കൾ, ബുധൻ, ശനി), പൊഴിയൂർ മുതൽ ചൊവ്വര വരെ - (ചൊവ്വ), പൂന്തുറ മുതൽ വേളി വരെ - (വ്യാഴം, വെള്ളി). അന്യസംസ്ഥാന യാനങ്ങൾ കേരളത്തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനും ഹാർബറിലോ ഫിഷ് ലാൻഡിംഗ് സെന്ററുകളിലോ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകാൻ ആവശ്യമായ വെള്ളം, റേഷൻ, ഡീസൽ എന്നിവ നിറയ്ക്കുമ്പോഴും, മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിൽ ഇറക്കുമ്പോഴും സാമൂഹിക അകലവും ശുചിത്വവും പാലിക്കണം. ഹാർബറിലേക്കുള്ള പ്രവേശനം, തിരിച്ചുപോകുന്ന വാഹനങ്ങൾ എന്നിവ നിയമാനുസൃതമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിനാണ്. കണ്ടെയ്ൻമെന്റ് സോണുകളിലെയും മറ്റ് ഫിഷിംഗ് ലാൻഡുകളിലെയും മത്സ്യബന്ധനം, വിപണനം എന്നിവ വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനിലെ പ്രാദേശിക പ്രതിനിധി, പൊലീസ്, റവന്യൂ, ഫിഷറീസ്, മത്സ്യഫെഡ് എന്നിവരടങ്ങുന്ന സമിതി തീരുമാനിക്കണം.