murder

കാസർകോട്: പൈവളികെ ബായാർ കന്യാലയിൽ മാതൃസഹോദരങ്ങളായ നാലുപേരെ കൂട്ടക്കൊല ചെയ്ത പ്രതി ഉദയകുമാറിനെ (40) കാസർകോട് കോടതി റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് ആണ് പ്രതിയെ അറസ്റ്റുചെയ്തത്.

കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയ ശേഷം നാട്ടിൽ എത്തിച്ചു സംസ്‌കരിച്ചു. വിട്ള അഡിഗ (65), സദാശിവ(58) എന്നിവരുടെ മൃതദേഹങ്ങളാണ് വിട്ടുകിട്ടിയത്. കൊവിഡ് ടെസ്റ്റ് ഫലം കിട്ടാത്തതിനാൽ ദേവകി, ബാബു എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു മാത്രമേ പോസ്റ്റുമോർട്ടം ചെയ്യുകയുള്ളൂ.

വൈകീട്ട് അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കന്യാലയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി കൂടി കേട്ട ശേഷമാണ് കസ്റ്റഡിയിൽ കഴിഞ്ഞ ഉദയകുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ വീടിന് അടുത്ത കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.