തിരുവനന്തപുരം: രാഷ്ട്രീയ ഇടപെടലുകൾ കൊവിഡ് കാലത്തും ശ്രീചിത്ര മെഡിക്കൽ സെന്ററിനെ പ്രതിസന്ധിയിലാക്കി.
ഡയറക്ടർ ഡോ.ആശാകിഷോറിന് ഒരു ടേം കൂടി കാലാവധി നീട്ടി നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡിന്റെ തീരുമാനത്തിനെതിരെ രാഷ്ട്രീയ പിൻബലത്തോടെ ചിലർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങി.തുടർന്ന്, ഡയറക്ടർ അവധിയെടുത്തു. പകരം സഞ്ജയ് തോമസിനാണ് താൽക്കാലിക ചുമതല. ഇതോടെ കൊവിഡ് കാലത്ത് ഇവിടത്തെ നിരവധി ആരോഗ്യ,ചികിത്സാ ഗവേഷണങ്ങളും പരീക്ഷണങ്ങളും സ്തംഭനത്തിലായി.
ആഷാ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ നിരന്തരം ശ്രമിച്ചുവന്ന സംസ്ഥാന ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾ ,കാലാവധി നീട്ടലിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അംഗീകാരം നേടിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് സി.എ.ടിയിൽ നിന്ന് സ്റ്റേ വാങ്ങിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഭരണഘടനയനുസരിച്ച് അതിന്റെ ആവശ്യമില്ല .അതിനാലാണ് പുനർനിയമനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.
അഞ്ചുവർഷമായി ശ്രീചിത്ര ഡയറക്ടറായി തുടരുന്ന ആശാ കിഷോറിന്റെ കാലാവധി ജൂലായ് 15നാണ് അവസാനിച്ചത്. അഞ്ച് വർഷം കൂടി നീട്ടാൻ മേയ് 12നാണ് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡാണ് തീരുമാനിച്ചത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി. കെ. സാരസ്വതും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും അംഗീകരിച്ചതിനെ തുടർന്നാണ് ആഷാ കിഷോർ 16ന് വീണ്ടും ചുമതലയേറ്റത്.