തിരുവനന്തപുരം: ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാലു ദിവസം അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം സാദ്ധ്യത കൂടുതലാണ്. ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ ജില്ലാഭരണ സംവിധാനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ സാദ്ധ്യതയിലുള്ളവരെ മാറ്റി താമസിപ്പിക്കും. നീലഗിരി കുന്നുകളിൽ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കൻ മേഖല എന്നിവിടങ്ങളിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കും. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്.
പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടില്ല. വൈദ്യുതി വകുപ്പിന്റെ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിൽ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് വിടുന്നുണ്ട്. ജലസേചന വകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.
മണിമലയാറിൽ മാത്രമാണ് വാണിങ് ലെവലിനോട് അടുത്ത് ജലനിരപ്പുള്ളത്.
മലയോര മേഖലയിൽ രാത്രി ഗതാഗതം ഒഴിവാക്കണം. മരങ്ങൾ വീണും പോസ്റ്റുകൾ വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുത്.