online-registration

തിരുവനന്തപുരം: വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭിക്കുന്ന സംവിധാനം മുടങ്ങിയതോടെ സ്കൂൾ പ്രവേശനത്തിനും ലൈഫ് മിഷൻ പദ്ധതികൾക്കും, റവന്യൂ സർട്ടിഫിക്കറ്രുകൾക്കും മറ്റും അപേക്ഷിക്കാനിരുന്ന നിരവധി പേർ ബുദ്ധിമുട്ടിലായി. തങ്ങളുടെ സെർവറിന്റെ ശേഷി കുറഞ്ഞതു കൊണ്ട് ,അക്ഷയ സെന്ററുകളിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കാൻ കഴിയൂ എന്നാണ് ഇ-ഡിസ്ട്രിക്ട് സംവിധാനം കൈകാര്യം ചെയ്യുന്ന ഐ.ടി മിഷൻ പറയുന്നത്. , സർട്ടിഫിക്കറ്രുകൾക്കായി 50 ഉം 75 ഉം രൂപ വരെ അക്ഷയ സെന്ററുകൾ ഈടാക്കുന്നതായും ആരോപണമുണ്ട്. കൂടുതൽ ഫീസ് വാങ്ങാനായി അക്ഷയ സെന്ററുകാരും ഐ.ടി മിഷനും തമ്മിലുള്ള രഹസ്യ ധാരണയാണ് ഇതിന് പിന്നിലെന്നും പറയുന്നു.. ഇന്നലെ മാത്രം 1,10,000 പേരാണ് ഇ- ഡിസ്ട്രിക്ട് സംവിധാനം വഴി വിവിധ സർട്ടിഫിക്കറ്രുകൾക്ക് അപേ ക്ഷിച്ചത്.

പൊതുജനങ്ങൾക്കെന്ന പോലെ റവന്യൂ ഉദ്യോഗസ്ഥർക്കും പോ‌ർട്ടലിലേക്കുള്ള പ്രവേശനം നിഷേധിച്ചതോടെ, അക്ഷയകേന്ദ്രങ്ങൾ വഴി പണമടച്ചവർക്ക് പോലും സർട്ടിഫിക്കറ്ര് നൽകാൻ വില്ലേജ് ഓഫീസർമാർക്കും തഹസിൽദാർമാർക്കും കഴിയുന്നില്ല. വൈകിട്ട് 6.30 ന് ശേഷം റവന്യൂ ഓഫീസർമാർക്ക് പോർട്ടലിലേക്ക് പ്രവേശിക്കാമെന്നാണ് ഐ.ടി മിഷൻ പറയുന്നത്. എന്നാൽ വീടുകളിൽ കമ്പ്യൂട്ടർ സൗകര്യമില്ലാത്തവർക്ക് ഇതിന് കഴിയില്ല. അപേക്ഷകളുടെ പെരുപ്പവും പ്രശ്നമാണ്.