തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിനിടയിലും നേരിയ ആശ്വാസവുമായി ഇന്നലെ 528 പേർക്ക് രോഗമുക്തി. 274 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനത്തിലേക്കു നീങ്ങുന്ന ജില്ലയ്ക്ക് ഇത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചവരിൽ 264 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ കൊവിഡ് ബാധിച്ച തൊഴിലാളികളുമായി സമ്പർക്കം പുലർത്തിയ വിളയിൽകുളം സ്വദേശികളായ 10 പേർക്കും രോഗമുണ്ടായി.
നെയ്യാറ്റിൻകര കനറാ ബാങ്കിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു.ഒപ്പം ജോലി ചെയ്‌തിരുന്നവർ നിരീക്ഷണത്തിലായി. നെയ്യാറ്റിൻകര സ്വദേശിയായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. കിൻഫ്രയിൽ ഇന്നലെ 60 പേരെ പരിശോധിച്ചപ്പോൾ 3 പേർക്കാണ് രോഗം. നേരത്തെ 36 പേരെ പരിശോധിച്ചപ്പോൾ 30 പേർക്കും കൊവിഡ് സ്ഥിരീകരിച്ച അടിമലത്തുറയിലും സമീപത്തെ വാർഡായ അമ്പലത്തുംമൂലയിലും ഇന്നലെ രോഗികളില്ല. കോട്ടുകാൽ പഞ്ചായത്തിൽ 32 പേരെ പരിശോധിച്ചതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ രോഗവ്യാപന സാദ്ധ്യത കുറയുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം അപകടസാദ്ധ്യത കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കള്ളിക്കാട്,വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ഹ്രസ്വ ക്ലസ്റ്ററുകൾ വലിയ ക്ലസ്റ്ററുകളാകാനുള്ള സാദ്ധ്യതയുണ്ട്.
അഞ്ചുതെങ്ങിൽ 50 പേരെ പരിശോധിച്ചപ്പോൾ 16 പേർക്കു രോഗം കണ്ടെത്തി.കരുംകുളത്ത് 56ൽ 9 പേരും തിരുവല്ലം - കോവളം മേഖലയിൽ 94ൽ 6 പേരും പോസിറ്റീവായി. വിഴിഞ്ഞത്ത് 64 പേരെ പരിശോധിച്ചപ്പോൾ 14 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിൽ ആകെ 3099 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 22 പേർ ഇതര ജില്ലക്കാരും 11 പേർ ഇതര സംസ്ഥാനക്കാരുമാണ്. അതേസമയം തലസ്ഥാന ജില്ലയിലുള്ള 6 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.
രോഗലക്ഷണങ്ങളുമായി 426 പേരെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം ചികിത്സയിലായിരുന്ന 317 പേർ ആശുപത്രി വിട്ടു. 2101 പേരാണ് ഇന്നലെ മാത്രം നിരീക്ഷണത്തിലായത്. രോഗലക്ഷണങ്ങൾ കാട്ടാതെ 1898 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 869 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്‌ക്കയച്ചത്. 621 ഫലങ്ങൾ ലഭിച്ചു. വീടുകളിൽ 14,344, കൊവിഡ് കെയർ കേന്ദ്രങ്ങളിൽ 812, ആശുപത്രികളിൽ 2884 എന്നിങ്ങനെ 18,040 പേരാണ് ആകെ നിരീക്ഷണത്തിൽ കഴിയുന്നത്.ഇന്നലെ നിരീക്ഷണത്തിലായവർക്കു പുറമേയുള്ള കണക്കാണിത്.
ആകെ നിരീക്ഷണത്തിലുള്ളവർ -18,040
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -14,344
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,884
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -812
ഇന്നലെ നിരീക്ഷണത്തിലായവർ -2,101