4

 ലോറി ബാരിക്കേഡുകൾ തകർത്തു  ടാങ്കർ കാലിയായതിനാൽ വൻ അപകടം ഒഴിവായി


കുളത്തൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന കഴക്കൂട്ടം ആറ്റിൻകുഴി ബൈപാസ് ജംഗ്‌ഷനിൽ വീണ്ടും വാഹനാപകടം. ഇത്തവണ വലിയ ഗ്യാസ് ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ കാലിയായതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ടാങ്കർ ലോറി നിയന്ത്രണം തെറ്റി നിർമ്മാണ കമ്പനി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് സമീപത്തെ ഗർഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. റോഡ് ബ്ലോക്ക് ചെയ്‌തിരിക്കുന്ന ഇരുമ്പ് വേലി തകർത്ത ശേഷം പണിപൂർത്തിയായ ഗർഡറിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഗർഡറിന്റെ ഭാഗം തകർന്നിട്ടുണ്ട്. നിർമ്മാണം ആരംഭിച്ചതുമുതൽ ഇവിടെ പ്രധാന റോഡ് അടച്ച ശേഷം സർവീസ് റോഡ് വഴിയാണ് കഴക്കൂട്ടത്തേക്കുള്ള ഗതാഗതം ക്രമീകരിച്ചിരുന്നത്. ഈ ഭാഗത്ത് മതിയായ സുരക്ഷാമതിൽ നിർമ്മിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.